25 April Thursday
ജിഎസ്‌ടിയും സെസും 40 ശതമാനം

സോഡ, ശീതള പാനീയ വ്യവസായം പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

 

 
പാലക്കാട്‌
ജിഎസ്‌ടിയും സെസും അസംസ്‌കൃത വസ്‌തുക്കളുടെ അമിതമായ വിലവർധനയും കാരണം സോഡ–- ശീതളപാനീയം വ്യവസായം കടുത്ത പ്രതിസന്ധിയിൽ. ചെറുകിട–- ഇടത്തരം വ്യവസായങ്ങളാണ്‌ കൂടുതൽ ദുരിതത്തിലായത്‌. കോവിഡും കാലാവസ്ഥാ വ്യതിയാനവും അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റവുമൊക്കെയാണ്‌ സാധാരണക്കാരന്റെ ജീവിതമാർഗമാകുന്ന വ്യവസായത്തിന്റെ നടുവൊടിക്കുന്നത്‌. ഒപ്പം വൻകിട ഉൽപ്പന്നങ്ങളുടെ അമിതമായ വരവും വ്യവസായത്തിന്റെ തകർച്ചയ്‌ക്ക്‌ ആക്കം കൂട്ടുന്നു. 
സോഡ നിർമിക്കാനാവശ്യമായ കോർക്കിന്റെ വില ഒരു വർഷത്തിനിടെ 2,200 രൂപയിൽനിന്ന്‌ 3500 ആയി ഉയർന്നു. സോഡ നിർമാണത്തിനുള്ള വെള്ളം ലാബിൽ പരിശോധിക്കുന്നതിന് കഴിഞ്ഞവർഷംവരെ 850 രൂപയായിരുന്നത് 1500 ആയി. ശീതളപാനീയങ്ങൾക്ക് നിലവിൽ 28 ശതമാനം  ജിഎസ്‌ടിയും 12ശതമാനം സെസും കൂടി ചുമത്തി 40 ശതമാനം നികുതിയാക്കി. വൻകിട കമ്പനികൾക്കുള്ള നികുതിതന്നെയാണ്‌ ചെറുകിട ഉൽപ്പന്നങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്നത്‌. 
കോവിഡാനന്തരം കച്ചവടം നാലിലൊന്നായി കുറഞ്ഞു. നിരവധി തൊഴിലാളികൾ മേഖല വിട്ടുപോയി. തൊഴിൽ സുരക്ഷ നൽകാൻ കഴിയാതെ പല സ്ഥാപനങ്ങളും പൂട്ടേണ്ട അവസ്ഥയിലാണ്. 
തമിഴ്നാട്ടിൽനിന്ന്‌ നികുതി വെട്ടിച്ച് കൊണ്ടുവരുന്ന ബോട്ടിൽ ശീതളപാനീയങ്ങൾ -ചുരുങ്ങിയ വിലയ്‌ക്ക് വിൽക്കുന്നതിനാൽ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്നവയുടെ വിൽപ്പനയും പ്രയാസത്തിലാണ്‌. ശീതളപാനീയം സുരക്ഷിതമായി വിതരണം നടത്താൻ വാഹനങ്ങളിൽ പ്രത്യേക രീതിയിൽ റാക്ക്‌ നിർമിക്കും. എന്നാൽ കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന ചട്ടപ്രകാരം മോഡിഫിക്കേഷൻ അനുവദിക്കില്ല. ഇതും തിരിച്ചടിയാണ്‌.  
ഈ മേഖലയെ രക്ഷിക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്ന്‌ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ സോഡ ആൻഡ്‌ സോഫ്‌റ്റ്‌ ഡ്രിങ്ക്‌സ്‌ കേരള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
സംഘടനയുടെ അംഗത്വവിതരണവും ജില്ലാ കൺവൻഷനും ഞായറാഴ്‌ച ചേരും. പാലക്കാട്‌ കെഎസ്‌ആർടിസി സ്‌റ്റാൻഡിന്‌ സമീപം കൈരളി ഹോട്ടലിൽ രാവിലെ പത്തിനാണ്‌ കൺവൻഷൻ. അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ വാസുദേവൻ, പ്രസിഡന്റ്‌ ബാലൻ പൊറ്റശേരി, എ ഷംസുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top