25 April Thursday

പ്ലസ് വൺ പ്രവേശനത്തിന്‌ തയ്യാറെടുക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
പാലക്കാട്‌
എസ്‌എസ്‌എൽസി കഴിഞ്ഞവർക്ക്‌ ഹയർ സെക്കൻഡറി പ്രവേശനത്തിന്‌ ഒരുങ്ങാം. ജൂലൈ ആദ്യത്തോടെ പ്ലസ് വൺ പ്രവേശന നടപടി തുടങ്ങും. ഏകജാലകത്തിലൂടെയാണ് സ്കൂൾ പ്രവേശനം. സർക്കാർ, എയിഡഡ്‌ വിഭാഗങ്ങളിലായി 155 സ്‌കൂളും 45 അൺ എയിഡഡ്‌ സ്‌കൂളുമാണ്‌ ജില്ലയിലുള്ളത്‌. ജില്ലയിൽ 38,972 പേർ ഉപരിപഠനത്തിന്‌ അർഹത നേടി. 28,267 ഹയർ സെക്കൻഡറി സീറ്റുണ്ട്‌. 20 ശതമാനം മാർജിനൽ വർധന കൂടി കണക്കിലെടുത്താൽ 32,000 ൽ ഏറെ സീറ്റുണ്ടാവും. 
ഏകദേശം 530 ബാച്ചുണ്ട്‌. വിവിധ വിഷയങ്ങളിലായി ആകെ 46 തരം കോമ്പിനേഷനുണ്ട്‌. ഇതിൽ വിദ്യാർഥികളുടെ താൽപ്പര്യത്തിനും സൗകര്യത്തിനും അനുസരിച്ച്‌ സ്‌കൂൾ തെരഞ്ഞെടുക്കാം. കുട്ടിക്ക് പോയി വരാവുന്ന ദൂരത്തിലുള്ള ഓരോ സ്കൂളുകളിലും ശരാശരി മൂന്നോ നാലോ കോമ്പിനേഷനുകളേ കാണൂ. അപേക്ഷ സമർപ്പിക്കാൻ പോകുന്നതിന് മുമ്പ് ഇത് രക്ഷിതാക്കളും വിദ്യാർഥികളും കൃത്യമായി മനസ്സിലാക്കണം. ആദ്യം വിദ്യാർഥിക്ക്‌  കിട്ടിയ ഗ്രേഡ് മുൻനിർത്തി ഗ്രേഡ് പോയിന്റ് കണക്കാക്കണം. ഏത് കോമ്പിനേഷൻ ആണോ ആഗ്രഹിക്കുന്നത്, ആ കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് ഗ്രേഡ് പോയിന്റ് കണക്കാക്കണം. 
കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷനാണ്‌. കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയാണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ. 01, 02, 03, 09 ബയോ മാത്‌സ്‌ എന്നാണ്‌ പറയുന്നത്‌. ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങളിൽ ഫിസിക്സ്, കെമിസ്ട്രി,  മാത്തമാറ്റിക്സ് എന്നിവയ്‌ക്കൊപ്പം  ബയോളജിയെ കൂടി പരിഗണിക്കും.
കോഡ് 10 മുതൽ 29 വരെയും 41, 42, 43, 45, 46 ഉം ആയ ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം സോഷ്യൽ സയൻസ് മാത്രമാണ്. കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന് സോഷ്യൽ സയൻസും മാത്തമാറ്റിക്സുമാണ്‌. കോഡ് 33, 34, 35, 44  എന്നിവയുടെ വെയ്റ്റേജ് വിഷയങ്ങൾ സോഷ്യൽ സയൻസും ഇംഗ്ലീഷും ആണ്. കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ മാത്തമാറ്റിക്സും സോഷ്യൽ സയൻസുമാണ്. ഇപ്രകാരം  തിരഞ്ഞെടുക്കുന്ന കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് പോയിന്റ് എത്രയെന്ന് മാർക്ക് ലിസ്റ്റ് നോക്കി കണക്കാക്കണം. അതിന്‌ അനുസരിച്ചുവേണം സ്‌കൂളും കോമ്പിനേഷനും തെരഞ്ഞെടുക്കാൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top