26 April Friday
കുഞ്ഞു കൈപ്പടയിൽ പരാതി

കൈയോടെ പരിഹാരം

അരുൺ എം സുനിൽUpdated: Saturday May 27, 2023

പ്രളയത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ സഹായം അനുവദിക്കണമെന്ന ആവശ്യത്തിൽ നടപടിയെടുത്ത് മന്ത്രി 
ഉത്തരവിട്ട സന്തോഷത്തിൽ അച്ഛൻ അജയഘോഷിന് മുത്തം നൽകുന്ന മകൾ അഞ്ജന

അഗളി
സ്വന്തമായി വീട് വേണം, സ്വന്തം കൈപ്പടയിലെഴുതിയ പരാതിയുമായാണ്‌ അഞ്ചാം ക്ലാസുകാരി അഞ്‌ജന എത്തിയത്‌. അപ്പോൾ തന്നെ പരിഹാരമായി. ഒരു മാസത്തിനകം പണം ലഭിക്കും. പ്രളയത്തിൽ മണ്ണിടിച്ചിലിൽ തകർന്ന വീട് പുതുക്കിപ്പണിയാൻ പണം അനുവദിക്കണമെന്നായിരുന്നു അഞ്‌ജനയുടെ അഭ്യർഥന. പരാതി കേട്ട മന്ത്രി കൃഷ്ണൻകുട്ടി ഉടൻ പണം അനുവദിച്ച് ഉത്തരവിട്ടു. 2019ലെ പ്രളയത്തിൽ വീട് തകർന്നശേഷം അട്ടപ്പാടി അഗളി പഞ്ചായത്തിലെ ചുണ്ടകുളത്തെ പഴയ വീട് ഉപേക്ഷിച്ച് റോഡരികിൽ നിർമിച്ച ഷെഡിലാണ് അജയഘോഷും കുടുംബവും കഴിയുന്നത്‌. ഭാര്യയും ഒമ്പതാം ക്ലാസുകാരി സഞ്ജനയും അഞ്ജനയും അജയന്റെ അമ്മയും അടങ്ങുന്നതാണ്‌ കുടുംബം. 
തകർന്ന വീടിനുപകരം സ്ഥലം വാങ്ങി വീട് വയ്‌ക്കാൻ അഞ്ജനയുടെ മുത്തശി കൊച്ചുകാട്ടിൽ വേശു ദാമോധരന് 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ആദ്യ ഗഡുവായി ലഭിച്ച നാല് ലക്ഷത്തിൽ കോട്ടത്തറയിൽ സ്ഥലം വാങ്ങി. പലകാരണങ്ങളാൽ ബാക്കി പണം ലഭിച്ചില്ല. അഞ്ജന വിദ്യഭ്യാസ മന്ത്രിക്ക് കത്തയച്ചപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. ശരവേഗത്തിൽ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായത് വിശ്വസിക്കാനാകാതെ കണ്ണീർ പൊഴിച്ച അച്ഛനെയും മുത്തശ്ശിയെയും ഒപ്പമെത്തിയ സഹോദരിയെയും സാന്ത്വനിപ്പിച്ചതും അഞ്ജനയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top