18 December Thursday

ഊട്ടറ പാലം ഇന്ന്‌ തുറക്കും

സ്വന്തം ലേഖകൻUpdated: Monday Mar 27, 2023

ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന ഊട്ടറപാലം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു സന്ദർശിക്കുന്നു

 
കൊല്ലങ്കോട്
ബലക്ഷയത്തെ തുടർന്ന് ഗതാഗതം നിരോധിച്ച  ഊട്ടറ പാലം നിയന്ത്രണ വിധേയമായി തിങ്കളാഴ്ച തുറക്കും.  രാവിലെ ഒമ്പതിന് കെ ബാബു എംഎൽഎ   തുറന്നുകൊടുക്കും. കാറുൾപ്പെടെ ചെറുകിട യാത്രാ വാഹനങ്ങൾ, ആംബുലൻസ് എന്നിവയ്‌ക്ക് മാത്രമായി ഗതാഗതം ക്രമീകരിക്കും. ബസ്‌, ലോറി എന്നിവ ഇപ്പോഴത്തെ ക്രമീകരണം പോലെ ആലമ്പള്ളം കോസ്‌വേ വഴി പോകും. വാഹനങ്ങൾ നിയന്ത്രിക്കാൻ പാലത്തിന് ഇരുവശവും  ഇരുമ്പ് പാളങ്ങൾ ഉപയോഗിച്ച് ബാർ സ്ഥാപിച്ചിട്ടുണ്ട് . 
സൂചനാ ബോർഡുകളും സ്ഥാപിച്ചു . ജനുവരി എട്ടിന് പാലത്തിൽ ദ്വാരം കണ്ടതിനെ തുടർന്നാണ്‌ ഗതാഗതം പൂർണമായും നിർത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, കെ ബാബു എംഎൽഎ എന്നിവർ മുഖ്യമന്ത്രി, പൊതു മരാമത്ത് മന്ത്രി എന്നിവരെ ബന്ധപ്പെട്ട്‌ പ്രതിസന്ധി ബോധ്യപ്പെടുത്തി. തുടർന്ന് അറ്റകുറ്റപ്പണിക്ക്‌ പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ അടിയന്തര പ്രാധാന്യത്തോടെ അനുവദിച്ചു . ദ്വാരം വീണ കോൺക്രീറ്റ് പാളിയുടെ ബലക്ഷയം വന്ന ഭാഗങ്ങൾ മുറിച്ചു മാറ്റി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. മറ്റ് പാളികളും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി ടാർ ചെയ്തു. ഇരുവശത്തേയും ഇരുമ്പു പൈപ്പ്കൊണ്ടു നിർമിച്ച കൈവരികൾ ബലപ്പെടുത്തി. തൂണുകൾ കോൺക്രീറ്റ് ചെയ്തും  ബലപ്പെടുത്തിയശേഷമാണ്‌  തുറന്നു കൊടുക്കുന്നത്‌. പാലം  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു സന്ദർശിച്ചു. 
അറ്റകുറ്റപ്പണി തീർത്ത്‌ സമയബന്ധിതമായി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ ജനകീയ പ്രശ്നങ്ങളിൽ  പരിഹാരം കാണാനുള്ള ഇച്ഛാശക്തിയാണെന്ന് അദ്ദേഹം  പറഞ്ഞു.  കൊല്ലങ്കോട് ലോക്കൽ സെക്രട്ടറി കെ സന്തോഷ്‌കുമാർ, വടവന്നൂർ ലോക്കൽ സെക്രട്ടറി വി ജ്യോതീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായി .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top