26 April Friday
മഹാമാരിയിലും ആശ്വാസച്ചിരി

പെൻഷൻ വീട്ടിലെത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 പാലക്കാട്‌

കോവിഡ്‌–-19 മഹാമാരിയുടെ നടുക്കത്തിലും ആശ്വാസമായി ക്ഷേമപെൻഷൻ തുക ഗുണഭോക്താക്കളുടെ കൈകളിലെത്തി. രണ്ട്‌ മാസത്തെ പെൻഷനായ 2600 രൂപയാണ്‌ രണ്ടര ലക്ഷം പേർക്ക്‌ വ്യാഴാഴ്‌ച മുതൽ വിതരണം തുടങ്ങിയത്‌. 
108 സഹകരണ സംഘങ്ങളിലെ ആയിരത്തി അഞ്ഞൂറോളം ഏജന്റുമാർ മുഖേന 59.79 കോടി രൂപയാണ്‌ വിതരണം ചെയ്യുന്നത്‌. ഒന്നരലക്ഷം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ മുഖേനയും പെൻഷൻ നൽകും. 
വെള്ളിയാഴ്‌ച മുതലാണ്‌ ക്ഷേമപെൻഷൻ വിതരണം നടത്താൻ സംസ്ഥാന സർക്കാർ നിർദേശിച്ചതെങ്കിലും ബുധനാഴ്‌ച വൈകിട്ട്‌ എല്ലാ സഹകരണ സംഘങ്ങൾക്കും പെൻഷൻ നൽകേണ്ടവരുടെ ലിസ്‌റ്റ്‌ സർക്കാർ അയച്ചതോടെ വ്യാഴാഴ്‌ചതന്നെ പെൻഷൻവിതരണം തുടങ്ങാൻ സംഘങ്ങൾ തയ്യാറായി. 
കർഷകതൊഴിലാളി പെൻഷനായി 9.21 കോടി, വാധക്യകാല പെൻഷൻ–- 29.89 കോടി, അംഗപരിമിത പെൻഷൻ–- 4.94 കോടി, അവിവാഹിത പെൻഷൻ–- 1.30 കോടി, വിധവാ പെൻഷൻ–- 14.44 കോടി എന്നിങ്ങനെയാണ്‌ സഹകരണ സംഘങ്ങൾ വിതരണം നടത്തുന്നത്‌. ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ 1,300 രൂപ വീതമാണ്‌. 
ഏപ്രിലിൽ ഒരു മാസത്തെ മുൻകൂർ സഹിതം അഞ്ച്‌ മാസത്തെ പെൻഷൻ 6,500 രൂപ വിതരണം ചെയ്യും. 
ഇക്കഴിഞ്ഞ ബജറ്റിൽ  എല്ലാ ക്ഷേമ പെൻഷനും നൂറ്‌ രൂപ വർധിപ്പിച്ചാണ്‌ 1300 രൂപയാക്കിയത്‌. കോവിഡ്‌ രോഗത്തിന്റെ പശ്‌ചാത്തലത്തിൽ  പെൻഷൻ വിതരണം നടത്തുന്ന ഏജന്റുമാർ നിർബന്ധമായും സുരക്ഷാ മുൻകരുതൽ പാലിക്കണമന്നും ഇതിനായി മാസ്‌ക്‌, കൈയ്യുറ, സാനിെറ്റൈസർ എന്നിവ ബാങ്കുകൾ നൽകണമെന്നും കർശന നിർദേശം നൽകിയതായി സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാർ (ജനറൽ) അനിത ടി ബാലൻ പറഞ്ഞു. 
ഏജന്റുമാർക്ക്‌ പരശീലനവും നൽകണം. 31 നകം പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top