23 April Tuesday

സ്നേഹയ്‌ക്ക്‌ നൽകിയ 
വാക്കുപാലിച്ച് മന്ത്രിയെത്തി

സ്വന്തം ലേഖകൻUpdated: Saturday Feb 27, 2021

കുഴല്‍മന്ദം ​ഗവ. ഹൈസ്കൂളിന്റെ ശിലാസ്ഥാപനം മന്ത്രി തോമസ് ഐസക് നിര്‍വഹിക്കുന്നു. 
കെ ഡി പ്രസേനന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ എന്നിവര്‍ സമീപം

 
പാലക്കാട്> ഒരു നാടിന്റെ സ്വപ്നം സ്നേഹയുടെ കവിതയിലൂടെ യാഥാർഥ്യമായപ്പോൾ സ്നേഹം പങ്കുവയ്ക്കാൻ ധനമന്ത്രി തോമസ് ഐസക് എത്തി. ഇതോടെ കുഴൽമന്ദം ​ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാട് ആഘോഷമാക്കി. 
 
മന്ത്രി തോമസ് ഐസക് കഴിഞ്ഞ ബജറ്റ് പ്രസം​ഗം തുടങ്ങിയത് കുഴൽമന്ദം ​ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസുകാരി കെ സ്നേഹയുടെ കവിത ചൊല്ലിയായിരുന്നു. 
തുടർന്ന് സ്‌കൂളിന്റെ ശോചനീയാവസ്ഥ തിരിച്ചറിഞ്ഞ മന്ത്രി ബജറ്റ് മറുപടി പ്രസംഗത്തിൽ സ്‌കൂൾ കെട്ടിട നിർമാണത്തിന്‌ ഏഴുകോടി രൂപ അനുവദിച്ചു. നിർമാണോദ്ഘാടനം മന്ത്രി കുളവൻമൊക്കിലെത്തി നിർവ​ഹിച്ചു. 
 
പുതിയ കേരളത്തിൽ ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് ആരും പിന്തള്ളപ്പെടില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ എല്ലാ വിദ്യാർഥികൾക്കും ലാപ്ടോപ് നൽകുന്ന പദ്ധതി നടപ്പാക്കുകയാണ്. കെ ഫോൺകൂടി വരുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമുണ്ടാകും. 
 
ഇന്റർനെറ്റിന്റെ സഹായത്തോടെ പഠനം കൂടുതൽ കാര്യക്ഷമമാകും. ഈ മാറ്റം ജനങ്ങൾ അം​ഗീകരിക്കുന്നതിന്റെ തെളിവാണ് ആറര ലക്ഷം പേർ പൊതുവിദ്യാഭ്യാസ രം​ഗത്തേക്ക് എത്തിയത്. എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും ജനകീയമായ ഇടപെടൽ നടന്നത് വിദ്യാഭ്യാസ മേഖലയിലാണെന്നും മന്ത്രി പറഞ്ഞു. 
 
ചടങ്ങിൽ കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ പഞ്ചായത്തംഗം ആർ അഭിലാഷ് തച്ചങ്കാട്, കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ, എഇഒ എം പി ശൈലജ, സിപിഐ എം ഏരിയ സെക്രട്ടറി എസ് അബ്ദുൾ റഹ്മാൻ, ആർ രാധാകൃഷ്ണൻ, ഷെനിൻ മന്ദിരാട്, എക്സിക്യുട്ടീവ് എൻജിനിയർ പ്രദീപ്, പിടിഎ പ്രസിഡന്റ് ജയദേവൻ എന്നിവർ സംസാരിച്ചു. 
 
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ് സ്വാഗതവും പ്രധാനാധ്യാപകൻ കെ ഇസ്മയിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്നേഹയ്ക്ക് മന്ത്രി ഉപഹാരം നൽകി.
 
സ്വന്തം സ്ഥലമില്ലാത്ത സ്‌കൂളിന്‌ പെരുങ്കുന്നം പാലമ്പുള്ളി രു​ഗ്മിണിയും മക്കളും 1.60 ഏക്കർ സ്ഥലം സൗജന്യമായി കൈമാറിയതോടെയാണ്‌ നടപടികൾ വേ​ഗത്തിലായത്‌. 
 
കെ ഡി പ്രസേനൻ എംഎൽഎ ഇ‌ടപെട്ടതോടെ കെട്ടിട നിർമാണ അനുമതിയും ലഭിച്ചു. കുഴൽമന്ദം പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂൾ 87 വർഷമായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top