പാലക്കാട്
മാധവരാജ ക്ലബ്ബിലെ അനധികൃത കെട്ടിടം ക്രമവൽക്കരിച്ചത് റദ്ദാക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിനും നഗരസഭ ശുപാർശ ചെയ്തു. ക്രമവൽക്കരിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച ഭരണപക്ഷം തീരുമാനത്തിൽ ഒപ്പുവച്ച അന്നത്തെ സെക്രട്ടറി അനിതാദേവിയുടെ കാലത്തെ മുഴുവൻ ഉത്തരവുകളും പരിശോധിക്കാനും തീരുമാനിച്ചു.
ക്രമവൽക്കരിക്കാനുള്ള കോടതി ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെക്രട്ടറി ഉത്തരവിറക്കിയതെന്നും ഗുരുതര പിഴവാണ് നടന്നതെന്നും നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, നഗരസഭയ്‌ക്ക് ലഭിക്കുമായിരുന്ന 5.60 കോടി രൂപയുടെ പിഴത്തുകയാണ് നഗരസഭ ഒഴിവാക്കിക്കൊടുത്തത്. ഇത്രയും വലിയതുക എഴുതിത്തള്ളാനുള്ള തീരുമാനമെടുക്കാൻ സെക്രട്ടറിക്കുമാത്രം കഴിയില്ലെന്നും ഭരണകക്ഷിയുടെ പൂർണ പിന്തുണയുണ്ടെന്നും പ്രതിപക്ഷം വ്യകതമാക്കി. ഇതിന്റെ പിന്നിൽ കോടികളുടെ അഴിമതിയുണ്ട്. ഇക്കാര്യത്തിൽ ബിജെപി ഭരണസമിതിക്ക് കൈകഴുകാനാകില്ലെന്നും അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബിജെപിയിലെ ചേരിപ്പോരിനെത്തുടർന്ന് അവധിയെടുത്ത ചെയർപേഴ്സൺ പ്രിയ അജയന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം.
ആരാണ്
ആ ബാഹ്യശക്തി....?
മാധവരാജ ക്ലബ്ബിനുവേണ്ടി ബാഹ്യശക്തിയുടെ ഇടപെടലുണ്ടായെന്ന് മുൻ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരനും കൗൺസിലർ എം ശശികുമാറും പറഞ്ഞു. ഇത് ആരാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന നഗരസഭയിൽ ഇത്ര വലിയ തുക ഒഴിവാക്കി നൽകുമ്പോൾ നേതൃത്വം അറിഞ്ഞിട്ടുണ്ടെന്ന സൂചന നൽകുന്നതാണ് ഇവരുടെ പ്രതികരണം.
ബിജെപിയിലെ ഒരു വിഭാഗം കൗൺസിലർമാരെയും കോൺഗ്രസ് കൗൺസിലർമാരെയും ഉന്നംവച്ചുള്ള പ്രതികരണത്തിൽ കാര്യമായ മറുപടിയുണ്ടായില്ല. എല്ലാം വിജിലൻസ് വിശദമായി പരിശോധിക്കണം എന്നുമാത്രമാണ് നഗരസഭാ വൈസ് ചെയർമാൻ പറഞ്ഞത്. ബിജെപിയിലെയും കോൺഗ്രസിലെയും ചേരിപ്പോര് തെളിയിക്കുന്നതാണ് മാധവരാജ ക്ലബ്ബിന്റെ പേരിൽ നടന്ന ചർച്ചയും.
അനധികൃത കൈയേറ്റം പരിശോധിക്കും
നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ മൂന്നാഴ്ചയ്ക്കകം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. റവന്യു, ആരോഗ്യ, എൻജിനിയറിങ് വിഭാഗങ്ങൾ സംയുക്തമായി പരിശോധന നടത്തും. നഗരത്തിലെ എല്ലാ കൈയേറ്റങ്ങളും പരിശോധിക്കണമെന്ന് സിപിഐ എം പാർലമെന്ററി പാർടി ലീഡർ എ മുഹമ്മദ് ബഷീർ പറഞ്ഞു. പാർക്കിങ് സ്ഥലത്ത് കടകൾ നിറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക്കര ബൈപാസിലെ അനധികൃത കൈയേറ്റം ഉടൻ നീക്കണമെന്ന് കൗൺസിലർ എ കൃഷ്ണൻ പറഞ്ഞു. ഐഎംഎ ബൈപാസിലെ നിരഞ്ജൻ റോഡിൽ നഗരസഭാ സ്ഥലം കൈയേറിയാണ് മിൽമ ബൂത്ത് നിർമിച്ചതെന്നും ബൂത്ത് നീക്കണമെന്നും കൗൺസിലർ എൻ ശിവരാജൻ പറഞ്ഞു. സ്റ്റേഡിയം സ്റ്റാൻഡിൽ നടന്ന കൈയേറ്റം അവിടത്തെ കൗൺസിലറുടെ അറിവോടെയാണെന്നുള്ള ഭരണപക്ഷ ആരോപണത്തിൽ നഗരസഭയിൽ ബഹളം നടന്നു. പൊതുഭൂമിയിലെ കൈയേറ്റം നോട്ടീസ് നൽകാതെ ഒഴിപ്പിക്കണമെന്നാണ് നടപടിയെന്ന് എം സ്മിതേഷ് പറഞ്ഞു.
അനധികൃത
നിർമാണത്തിനെതിരെ
കോടതിയിൽ
കെഎസ്ആർടിസി സ്റ്റാൻഡിൽ അനുമതിയില്ലാതെ കടകൾ ഉയരുന്നതിനെതിരെ കോടതിയെ സമീപിക്കാൻ യോഗത്തിൽ തീരുമാനമായി.
നിലവിലെ സാഹചര്യം തുടരാനാണ് നേരത്തേ ഹൈക്കോടതി നിർദേശിച്ചത്.
ഇത് ലംഘിച്ച് പുതിയ കടകൾ ഉയരുന്നതിൽ ഹൈക്കോടതിയിൽ നഗരസഭയ്‌ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന് കത്ത് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..