പാലക്കാട്
മലബാർ മേഖലയിൽ മിൽമയുടെ കീഴിൽവരുന്ന ക്ഷീരോൽപ്പാദക സഹകരണസംഘങ്ങൾ ജില്ലാകേന്ദ്രങ്ങളിൽ മൃഗചികിത്സയ്ക്കുള്ള മരുന്നുവിൽപ്പനശാലകൾ തുടങ്ങും. മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം.
അഞ്ചുജില്ലകൾ ഉൾപ്പെടുന്ന മേഖലയിലെ ആദ്യത്തെ വിൽപ്പനശാല വയനാട് മീനങ്ങാടിയിൽ തുടങ്ങും. തുടർന്ന്, കോഴിക്കോട്ടും ആരംഭിക്കും. മറ്റു ജില്ലകളിൽ ക്ഷീരസംഘങ്ങൾ തയ്യാറാകുന്ന മുറയ്ക്ക് മരുന്നുവിൽപ്പനശാലകൾ തുടങ്ങും.
ക്ഷീരോൽപ്പാദനച്ചെലവിൽ പശുക്കളുടെ രോഗചികിത്സയ്ക്ക് വേണ്ടിവരുന്ന തുക പരമാവധി കുറയ്ക്കുന്നതിനാണ് നേരിട്ട് മരുന്നുശാലകൾ ആരംഭിക്കുന്നത്.
വാർഷിക പൊതുയോഗവും ക്ഷീരസംഘം പ്രസിഡന്റുമാരുടെ ജില്ലായോഗവും മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ചെയർമാൻ കെ എസ് മണി ഉദ്ഘാടനം ചെയ്‌തു. മികച്ചപ്രവർത്തനം നടത്തിയ കിണർപള്ളം, വരോട്, പൊറ്റശേരി, അഞ്ചുമൂർത്തിമംഗലം എന്നിവിടങ്ങളിലെ ക്ഷീരസംഘങ്ങൾക്ക് പുരസ്കാരങ്ങൾ നൽകി.
യൂണിയൻ മാനേജിങ് ഡയറക്ടർ ഡി മുരളി, ഡയറക്ടർമാരായ കെ ചെന്താമര, ബാലചന്ദ്രൻ, സനോജ്, പാലക്കാട് ഡെയറി മാനേജർ എസ് നിരീഷ്, കെ സി ജെയിംസ്, ജോർജ്കുട്ടി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..