20 April Saturday
കർഷക സംഘം ജില്ലാ സമ്മേളനം സമാപിച്ചു

ദേശീയ തൊഴിലുറപ്പ്‌ പദ്ധതി കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തണം

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022
എം നാരായണൻ നഗർ 
(ശ്രീകൃഷ്‌ണപുരം)
ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയെ കാർഷിക മേഖലയ്‌ക്ക്‌ ഉപയോഗപ്പെടുത്തണമെന്ന്‌ കേരള കർഷക സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആവർത്തന സ്വഭാവമുള്ള പ്രവൃത്തികൾ ഏറ്റെടുക്കാൻ പാടില്ലെന്ന കേന്ദ്രനിയമമാണ്‌ തടസ്സമാകുന്നത്‌. കനാൽ വൃത്തിയാക്കൽ തടസ്സപ്പെട്ടിരിക്കയാണ്‌. തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രം പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
പറമ്പിക്കുളം–- ആളിയാർ കരാർ സംസ്ഥാന താൽപ്പര്യം ഹനിക്കാത്തവിധം പരിഷ്‌കരിക്കുക, കാഞ്ഞിരപ്പുഴ കനാൽ നവീകരിക്കുക, പോത്തുണ്ടി അണക്കെട്ടിലെ ജലലഭ്യത ഉറപ്പാക്കുക, മലയോര കർഷകർക്ക്‌ പട്ടയം അനുവദിക്കുക, കുരിയാർകുറ്റി–-കാരപ്പാറ ജലവൈദ്യുത പദ്ധതിക്ക്‌ കേന്ദ്രാനുമതി നൽകുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.
രണ്ടു ദിവസമായി എം നാരായണൻ നഗറിൽ (സംഗീതശിൽപ്പം ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം ഞായറഴ്ച  സമാപിച്ചു. സംഘടനാ റിപ്പോർട്ടിൽ നടന്ന ചർച്ചയ്‌ക്ക്‌ സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും പ്രവർത്തന റിപ്പോർട്ട്‌ ചർച്ചയ്‌ക്ക്‌ ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസും മറുപടി പറഞ്ഞു. മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ജോർജ്‌ മാത്യു, വത്സല മോഹൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി കെ രാജേന്ദ്രൻ, പ്രൊഫ. എം ടി ജോസഫ്‌, എൻ എസ്‌ പ്രസന്നകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ, സംഘാടക സമിതി കൺവീനർ പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനൻ എംഎൽഎ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ആർ മുരളി നന്ദി പറഞ്ഞു.
സംഘാടക സമിതി തയ്യാറാക്കിയ പ്രത്യേക ജില്ലാ സമ്മേളന പതിപ്പ്  ‘കുതിപ്പ്' പാലോളി മുഹമ്മദ്‌കുട്ടി വത്സല മോഹന്‌  കൈമാറി പ്രകാശിപ്പിച്ചു. കർഷകനാദം വരിസംഖ്യയും പാലോളി ഏറ്റുവാങ്ങി.
സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ കെ വി വിജയദാസ്‌ നഗറിൽ (കടമ്പഴിപ്പുറം ബസ്‌ സ്‌റ്റാൻഡ്‌) നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു.
 
കടമ്പഴിപ്പുറത്തെ 
ചുവപ്പണിയിച്ച് പ്രകടനം
എം നാരായണൻ നഗർ 
(ശ്രീകൃഷ്‌ണപുരം)
സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് വർണാഭമായ ഘോഷയാത്രയാണ് കർഷക സംഘം ഒരുക്കിയത്. വാദ്യഘോഷങ്ങളോടെ കടമ്പഴിപ്പുറത്തെ ചെങ്കടലാക്കിയ പ്രകടനം. ഒറ്റപ്പാലം, മുണ്ടൂർ, മണ്ണാർക്കാട്, ചെർപ്പുളശേരി, ശ്രീകൃഷ്ണപുരം ഏരിയകളിൽനിന്നുള്ള കർഷകരാണ് പ്രകടനത്തിന്റെ ഭാ​ഗമായത്. തിറ, തെയ്യം, പഞ്ചവാദ്യം, ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ കലാപരിപാടികളോടെയായിരുന്നു പ്രകടനം. കടമ്പഴിപ്പുറം ഹൈസ്കൂൾ മൈതാനത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു. ഉത്സവാന്തരീക്ഷത്തോടെയുള്ള പ്രകടനം കാണാൻ നൂറുകണക്കിന് പേരാണ് റോഡിന് ഇരുവശവും അണിനിരന്നത്.
 
കെ ഡി പ്രസേനൻ പ്രസിഡന്റ്‌, 
എം ആർ മുരളി സെക്രട്ടറി
എം നാരായണൻ നഗർ 
(ശ്രീകൃഷ്‌ണപുരം)
കേരള കർഷക സംഘം ജില്ലാ പ്രസിഡന്റായി കെ ഡി പ്രസേനൻ എംഎൽഎയെയും സെക്രട്ടറിയായി എം ആർ മുരളിയെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. എസ്‌ സുഭാഷ്‌ ചന്ദ്രബോസാണ്‌ ട്രഷറർ. 
മറ്റു ഭാരവാഹികൾ: യു അജയകുമാർ, ഇ എൻ രവീന്ദ്രൻ, പി സുബ്രഹ്മണ്യൻ (വൈസ്‌ പ്രസിഡന്റുമാർ). ജോസ്‌ മാത്യൂസ്‌, പി പ്രീത, എം കെ സുരേന്ദ്രൻ (ജോ. സെക്രട്ടറിമാർ). നിർവാഹക സമിതി അംഗങ്ങൾ: ശാലിനി കറുപ്പേഷ്‌, വി സി രാമചന്ദ്രൻ, എൻ മണികണ്‌ഠൻ, യു രാജഗോപാൽ, എസ്‌ സഹദേവൻ, എ കൃഷ്‌ണകുമാർ. 46 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top