25 April Thursday

രമ്യ ഹരിദാസ്‌ എം പിയുടെ ലോക്‌ഡൗൺ ലംഘനം:കർശന നടപടിവേണം‐സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

രമ്യ ഹരിദാസ്‌ എം പിയുടെ കൂടെയുണ്ടായിരുന്നവരുടെ മർദനമേറ്റ യുവാവ്‌

പാലക്കാട്‌> ലോക്‌ഡൗൺ മാനദണ്ഡം ലംഘിച്ച്‌ ആലത്തൂർ എംപി രമ്യ ഹരിദാസും വി ടി ബൽറാമും ഉൾപ്പെടെ പത്തോളം കോൺഗ്രസ്‌ പ്രവർത്തകരെ ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ അനുവദിച്ച പാലക്കാട്‌ നഗരത്തിലെ ഹോട്ടലിനെതിരെയും ഇത്‌ ചോദ്യം ചെയ്‌ത യുവാവിനെ മർദിച്ചവർക്കെതിരെയും കർശന നടപടി വേണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ.
 
കോവിഡിന്റെ മൂന്നാംതരംഗ ഭീഷണി നിലനിൽക്കുമ്പോഴാണ്‌ എംപിയുടെ നേതൃത്വത്തിൽ ഒരുസംഘം ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കാനെത്തിയത്‌. കേരളത്തിൽ ഒരു ഹോട്ടലിലും ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ നിലവിൽ അനുമതിയില്ല. പാഴ്‌സലിനുമാത്രമാണ്‌ അനുവാദം. ഇത്‌ ലംഘിച്ച്‌ സാമൂഹ്യ അകലം പാലിക്കാതെ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 
 
സമൂഹത്തിന്‌ മാതൃകയാകേണ്ട ജനപ്രതിനിധി സർക്കാർ നിർദേശം ലംഘിച്ചതിനെയാണ്‌ യുവാവ്‌ ചോദ്യം ചെയ്‌തത്‌.  എന്നാൽ, ആ യുവാവിനെ ആലത്തൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്നയാൾ ‘നീയാരാ ഗുണ്ടയാണോ’ എന്ന്‌ ചോദിച്ച്‌ മർദിച്ചു. പരിക്കേറ്റ യുവാവ്‌ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 
 
കോവിഡ്‌ പ്രതിരോധത്തിനായാണ്‌ ശനിയും ഞായറും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്‌. ആർക്കും ഇളവുനൽകാതെ പൊലീസും ആരോഗ്യപ്രവർത്തകരും പ്രവർത്തിക്കുമ്പോഴാണ്‌ ഇത്തരം പരസ്യ ലംഘനം. ഇത്‌ ജനങ്ങളോടും  സർക്കാരിനോടുമുള്ള വെല്ലുവിളിയും കോവിഡ്‌ പ്രതിരോധത്തെ അട്ടിമറിക്കലുമാണ്‌.  ‘നോ ഡൈനിങ്‌’ എന്ന ബോർഡ്‌ ഹോട്ടലിന്‌ പുറത്ത്‌ തൂക്കിയിട്ടുണ്ട്‌. ഇത്‌ കണ്ടിട്ടും ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ നിയമലംഘനമാണ്‌.  
 
ഇവരുടെ നേതൃത്വത്തിലാണ്‌ കഴിഞ്ഞ വർഷം മേയിൽ ആദ്യം വാളയാറിൽ ഇതര സംസ്ഥാനത്തുനിന്ന്‌ വരുന്നവരെ പാസും രജിസ്‌ട്രേഷനും ഇല്ലാതെ അതിർത്തി കടത്തണമെന്ന്‌ ആവശ്യപ്പട്ട്‌ സമരം ചെയ്‌തത്‌. കോവിഡ്‌ പടർത്താൻ ബോധപൂർവ ശ്രമമായാണ്‌ അതിനെ നാട്‌ കണ്ടത്‌. ഞായറാഴ്‌ച നടന്നതും കോവിഡ്‌ പ്രതിരോധം അട്ടിമറിക്കാനുള്ള  ബോധപൂർവ ശ്രമമാണെന്ന്‌ സംശയിക്കാമെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top