26 April Friday

അരങ്ങുണർത്തി

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

അരങ്ങ് 2023 കലോത്സവത്തിൽ ഒപ്പന മത്സരത്തിനായി ഒരുങ്ങിയവർ സെൽഫിയെടുക്കുന്നു

 പാലക്കാട്‌

പ്രായം  പറഞ്ഞും പ്രാരബ്‌ധം പറഞ്ഞും ആർക്കും മാറ്റിനിർത്താനാകില്ല. പാട്ടിനും ഡാൻസിനും കഥയെഴുതാനും കവിതയെഴുതാനും ഞങ്ങളുണ്ട്‌ മുന്നിലെന്ന്‌ അവർ വിളിച്ചുപറയുന്നു. കുടുംബശ്രീ അംഗങ്ങളുടെ സർഗാത്മക കഴിവുകൾ പുറത്തുകൊണ്ടുവരാൻ പാലക്കാട്‌ മേഴ്‌സി കോളേജിൽ സംഘടിപ്പിച്ച ‘അരങ്ങ്‌’ കലോത്സവത്തിൽ പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണ് അംഗങ്ങൾ പങ്കെടുത്തത്.
കൃത്യമായി പരിശീലനം നടത്തി താളം തെറ്റാതെ, ചുവട്‌ പിഴയ്‌ക്കാതെ വിദ്യാർഥികളേക്കാൾ വാശിയോടെ പാടിയും ആടിയുമെല്ലാം അവർ മാറ്റുരച്ചു. ജില്ലയിലെ ഏഴ്‌ താലൂക്കിൽനിന്നായി 1200 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. സംഘനൃത്തം, തിരുവാതിര, ലളിതഗാനം, ചിത്രരചന, സാഹിത്യരചന തുടങ്ങി നിരവധി മത്സരങ്ങളുണ്ടായി. കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ അധ്യക്ഷയായി. പാലക്കാട്‌ നഗരസഭാ ചെയർപേഴ്‌സൺ പ്രിയ അജയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി സേതുമാധവൻ, കൊല്ലങ്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ചിന്നക്കുട്ടൻ, കേരള പഞ്ചായത്ത്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്‌, പ്രസിഡന്റ്‌ ഇ ചന്ദ്രബാബു, പിരായിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി സുമതി, കൗൺസിലർ മിനി ബാബു എന്നിവർ സംസാരിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ കെ കെ ചന്ദ്രദാസ്‌ സ്വാഗതവും കെ സുലോചന നന്ദിയും പറഞ്ഞു.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ അലനല്ലൂർ സിഡിഎസ്‌ ഓവറോൾ കിരീടം നേടി. കോട്ടായി സിഡിഎസ്‌ രണ്ടാമതും അഗളി, പെരുമാട്ടി സിഡിഎസുകൾ മൂന്നാംസ്ഥാനവും നേടി. താലൂക്ക്‌തലത്തിൽ മണ്ണാർക്കാടിനാണ്‌ കിരീടം. പട്ടാമ്പി രണ്ടാമതും ആലത്തൂർ മൂന്നാമതുമെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top