23 April Tuesday

കുടുംബശ്രീ പടുത്തുയർത്തി 
14 ലൈഫ്‌ വീടുകൾ

എ തുളസീദാസ്‌Updated: Sunday Mar 26, 2023

വീട് നിർമാണത്തിലേർപ്പെട്ടിരിക്കുന്ന 
കുടുംബശ്രീ പ്രവർത്തകർ

കൊല്ലങ്കോട്
കുടുംബശ്രീ പ്രവർത്തകർ ഒത്തുചേർന്നപ്പോൾ ഉയർന്നത്‌ 14 ലൈഫ്‌ വീടുകൾ. കൊല്ലങ്കോട് പഞ്ചായത്തിലെ ഇടച്ചിറ ഭാഗ്യശ്രീ അയൽക്കൂട്ടത്തിന്റെ ഐശ്വര്യ കൺസോർഷ്യമാണ്‌ ഒരു കൊല്ലത്തിനകം ലൈഫ്‌ മിഷനിലെ 14 വീട്‌ നിർമിച്ചത്‌. വീടുകൾക്കുപുറമെ രണ്ട് പഠനമുറി, മൂന്ന് തൊഴുത്ത്, ശുചിമുറി എന്നിവയും പൂർത്തിയാക്കി. ബി ലളിത, ലക്ഷ്മിയമ്മ, ബി ബിന്ദു, ധനലക്ഷ്മി ശെന്തിൽ, അംബിക രാമൻകുട്ടി എന്നിവർ നിർമാണത്തിന്‌ നേതൃത്വം നൽകുന്നു. ഇവരോടൊപ്പം കൊല്ലങ്കോട്, മുതലമട, വടവന്നൂർ പഞ്ചായത്തുകളിലെ 25 അംഗങ്ങൾ ജോലി ചെയ്യുന്നു. കുടുംബശ്രീയിലെ എൻജിനിയർമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം 30 വനിതകൾക്ക് കെട്ടിടനിർമാണത്തിൽ പരിശീലനം നൽകിയിരുന്നു. തുടർന്ന്‌ എൻജിനിയർമാരുടെ സഹായത്തോടെ പയ്യലൂരിൽ ആദ്യത്തെ വീട് നിർമിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വീടുനിർമാണത്തിന്‌ സ്വീകാര്യത ലഭിച്ചതോടെ പറമ്പിക്കുളത്ത് ചുങ്കം കോളനിയിൽ പൂർത്തീകരിക്കാത്ത 19 വീട്‌ ഇവരെ ഏൽപ്പിച്ചിരിക്കുകയാണ്‌ പട്ടികവർഗ വകുപ്പ്. പകുതിയിലെത്തിയ പറമ്പിക്കുളത്തെ വീടുകൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണിവർ. 
ലൈഫ്‌ ഉൾപ്പെടെയുള്ള പദ്ധതികളിൽ സർക്കാർ നൽകുന്ന തുകയിൽ 420 ചതുരശ്ര അടിയിൽ വയറിങ് ഉൾപ്പെടെ വീട് പൂർത്തിയാക്കാൻ ഇവർക്ക് കഴിയുന്നു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനും ചെലവ്‌ കുറയ്ക്കാനും വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾ ഇവരെ സമീപിക്കുന്നുണ്ട്‌. 
അപൂർവമായി മാത്രമേ ഇവർ പുരുഷതൊഴിലാളികളുടെ സഹായം തേടാറുള്ളൂ. തുടക്കത്തിൽ ഗുണഭോക്താക്കൾക്ക് നിർമാണത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇവർ പൂർത്തിയാക്കിയ വീടുകളുടെ ഗുണനിലവാരം മതിയായിരുന്നു ആശങ്കകൾ പരിഹരിക്കാൻ. വലിയ കെട്ടിടങ്ങൾവരെ നിർമിക്കാൻ കൂട്ടായ്മ സന്നദ്ധമാണ്. കൊല്ലങ്കോട് പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയാണ് നിർമാണമേഖലയിൽ കരുത്തായതെന്ന് ഐശ്വര്യ കൺസോർഷ്യം സംഘാംഗങ്ങൾ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top