19 April Friday
തമിഴ്‌നാട്ടിൽ ഈ മാസം ഷോക്കേറ്റ് ചരിഞ്ഞത് 
5 ആന

കോയമ്പത്തൂരിൽ ഷോക്കേറ്റ് 
കാട്ടാന ചരിഞ്ഞു

സ്വന്തം ലേഖകൻUpdated: Sunday Mar 26, 2023

ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന

കോയമ്പത്തൂർ 
വൈദ്യുതിത്തൂൺ പൊട്ടിവീണ് ഷോക്കേറ്റ് കോയമ്പത്തൂരിൽ കാട്ടാന ചരിഞ്ഞു. പൂച്ചിയൂർ വില്ലേജിൽ വനമേഖലയിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള തരിശുഭൂമിയിലാണ് ശനി പുലർച്ചെ വൈദ്യുതി ലൈൻപൊട്ടി ശരീരത്തിൽവീണ് ചരിഞ്ഞനിലയിൽ കൊമ്പനെ നാട്ടുകാർ കണ്ടത്. തമിഴ്‌നാട്ടിൽ ഈ മാസം ഷോക്കേറ്റ്  ചരിയുന്ന അഞ്ചാമത്തെ കാട്ടാനയാണിത്. 
വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തിയപ്പോൾ ഒടിഞ്ഞ വൈദ്യുതത്തൂണിന്റെ വൈദ്യുതി ലൈൻ ആനയുടെ ജഡത്തിൽ കിടന്നിരുന്നു. ആന തൂൺ തള്ളുകയോ ദേഹത്ത് ഉരസുകയോ ചെയ്തശേഷമാണ് വൈദ്യുതത്തൂൺ പൊട്ടിവീണതെന്നാണ് നിഗമനം. ആനയുടെ ചൊറിച്ചിൽ ഒഴിവാക്കാനുള്ള സാധാരണ പെരുമാറ്റമാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. 
പ്രദേശത്തേയ്‌ക്കുള്ള വൈദ്യുതിവിതരണം താൽക്കാലികമായി നിർത്തി. ഈ മാസം ആറിന് ധർമപുരി ജില്ലയിലെ മരന്തഹള്ളിയിൽ വയലിലെ വൈദ്യുത വേലിയിൽ തട്ടി രണ്ട് പിടിയാനകളും ഒരു മോഴയും ചരിഞ്ഞിരുന്നു. ആനക്കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് കുട്ടിയാനകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 18ന് കമ്പൈനല്ലൂരിനുസമീപം കേലവള്ളിയിൽ തടാകത്തിൽനിന്ന് കരയിലേക്ക് കയറവെ പ്രദേശത്ത് താഴ്‌ന്നുകിടന്ന ഹൈടെൻഷൻ ലൈനിൽ തട്ടി കൊമ്പൻ ചരിഞ്ഞു. ധർമപുരിയിലെ നാല് ആനകളുടെ മരണത്തെക്കുറിച്ച് വിശദീകരിക്കാൻ മദ്രാസ് ഹൈക്കോടതി ഏപ്രിൽ 19ന് വൈദ്യുതിബോർഡ് ചെയർമാനോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top