25 April Thursday
ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിൽ

കണ്ണമ്പ്ര വ്യവസായ പാര്‍ക്കിൽ 4,000 തൊഴില്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
പാലക്കാട്
കൊച്ചി–-കോയമ്പത്തൂർ വ്യവസായിക ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന കണ്ണമ്പ്ര വ്യവസായ പാർക്കിലൂടെ നാലായിരത്തോളം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി എ കെ ബാലൻ. കണ്ണമ്പ്ര വ്യവസായ പാർക്ക് പദ്ധതി പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര ഒന്ന് വില്ലേജിലാണ് കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്. 2000 കോടി രൂപയുടെ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 4000 പേർക്ക് നേരിട്ടും നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. പദ്ധതിക്കായി കണ്ണമ്പ്ര വില്ലേജിൽ 470 ഏക്കർ ഭൂമി ഏറ്റെടുക്കും. 
വ്യവസായ പാർക്ക് യാഥാർഥ്യമാകുന്നതോടെ കൊച്ചി-, പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ വ്യവസായ കേന്ദ്രമായി മാറും. ഉൽപ്പാദന മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. ഭക്ഷ്യ, ആഭരണ, പ്ലാസ്റ്റിക്, ഇ–-വേസ്റ്റ്, ഓയിൽ ആൻഡ് ഗ്യാസ്, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്സ് തുടങ്ങിയ മെഗാ വ്യവസായ ട്രസ്റ്റുകളാണ് വരുന്നത്. 470 ഏക്കറിൽ 292.89 ഏക്കർ ഭൂമി ഏറ്റെടുപ്പ് അവസാനഘട്ടത്തിലാണ്. ഇതിനായി ഒന്നാംഘട്ടം 346 കോടി രൂപ കിഫ്ബി വഴി കിൻഫ്ര കലക്ടർക്ക് കൈമാറി. 177.11 ഏക്കർ ഭൂമി ഏറ്റെടുക്കൽ രണ്ടാംഘട്ടം നടപടി ആരംഭിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. 
പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ കോർപസ് ഫണ്ട് ഉപയോഗപ്പെടുത്തി കാവശേരിയിൽ 12 കോടി ചെലവിൽ പൂർത്തീകരിച്ച റൈസ് മില്ലിലൂടെ 50 പേർക്ക് തൊഴിൽ ലഭ്യമാക്കും. കൊയ്തെടുത്ത നെല്ല് കൃത്യസമയത്ത് റൈസ് മില്ല് മുഖേന സംഭരിച്ച് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വഴി വിപണനം നടത്താൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ സി കെ ചാമുണ്ണി വിശിഷ്ടാതിഥിയായി. കണ്ണമ്പ്ര വ്യവസായ പാർക്കിന്റെ ശിലാഫലകം മന്ത്രി എ കെ ബാലൻ അനാഛാദനം ചെയ്തു. 
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ്, എഡിഎം എൻ എം  മെഹറലി, കിൻഫ്ര മാനേജർ ടി ബി അമ്പിളി, സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ആർ പി സുരേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top