20 April Saturday

കണ്ണമ്പ്രയിൽ തെളിയുന്നു 
എൽഇഡി വെളിച്ചം

ശിവദാസ്‌ തച്ചക്കോട്‌Updated: Thursday Jan 26, 2023

 

 
 
വടക്കഞ്ചേരി
കണ്ണമ്പ്രയിൽ തെളിയുന്നത് കുടുംബശ്രീ അംഗങ്ങളുടെ എൽഇഡി ബൾബുകൾ. കണ്ണമ്പ്ര പഞ്ചായത്തിലെ എട്ട്‌ കുടുംബശ്രീ അംഗങ്ങളാണ് എൽഇഡി ബൾബ് യൂണിറ്റ് വളരെ വിജയകരമായി മുന്നോട്ടുകൊണ്ട് പോകുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ പരിശീലനം പൂർത്തിയാക്കിയ ഇവർ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് യൂണിറ്റ് ആരംഭിച്ചത്. 
പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾ കൂടിയായ ഇവർ യൂണിറ്റിന് ഹരിതശോഭ എന്ന പേരും നൽകി. എൽഇഡി ബൾബ് നിർമിക്കാനാവശ്യമായ എല്ലാ സാമഗ്രികളും പുറമേനിന്ന് വാങ്ങും. തുടർന്ന് ഇവർ ബൾബ് നിർമാണം തുടങ്ങും.
സോൽഡറിങ് അയേൺ ചൂടാക്കി വയറുകൾ സോൾഡർ ചെയ്തും,  ക്യാപ്‌ ടൈറ്റ് ചെയ്ത് ബൾബുകൾ നിർമിക്കുക എന്നത് ഇവർക്ക് നിസ്സാരമായ കാര്യമാണ്. ബൾബുകൾ നിർമിച്ച് കഴിഞ്ഞ് അവ പ്രകാശിപ്പിക്കുമ്പോൾ അംഗങ്ങളുടെ മുഖത്തും പ്രകാശം പരക്കും. ഹരിത കർമസേനാംഗങ്ങൾ എന്നുള്ള നിലയിൽ തങ്ങളുടെ ഉത്തരവാദിത്വം കൂടി നിർവ്വഹിച്ചതിന് ശേഷമാണ് ഇവർ ബൾബുകൾ നിർമിക്കുന്നത്. ഹരിത കർമസേനാ പ്രവർത്തനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ ശേഖരിക്കാൻ പോകുമ്പോൾ തന്നെ ഓരോ വീടിലും ആവശ്യാനുസരണം ബൾബുകളും എത്തിക്കും. 
ഇടനിലക്കാരുടെ ചൂഷണമില്ലാത്തതിനാൽ വാങ്ങിക്കുന്നവർക്കും ഇത് ലാഭകരമാണ്. വൈദ്യുതി ഉപയോഗ നിയന്ത്രണത്തിന്റെ ഭാഗമായി എൽഇഡി ബൾബുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ കുടുംബശ്രീ അംഗങ്ങൾക്കും വരുമാനം കൂടും. 
കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഏത് തൊഴിലും തങ്ങൾക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്ടമ്മമാർ. 
സ്മിത, ലത, രമണി മണികണ്‌ഠൻ, ഉഷാകുമാരി, ഷക്കീല, നിഷ, രമണി, ദാക്ഷായണി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top