28 March Thursday
സർക്കാരിൽ വിശ്വാസം

ജീവിതതാളംപിഴച്ച് 
കലാകാരന്മാർ

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

 

 
പാലക്കാട് 
ആസ്വാദകരെ പൂരലഹരിയിൽ ആറാടിച്ചിരുന്ന കലാകാരന്മാർ വാദ്യോപകരണങ്ങൾ കെട്ടിപ്പൂട്ടിവയ്‌ക്കേണ്ട അവസ്ഥയിലാണ്‌. കഴിഞ്ഞകാലങ്ങളിൽ കോവിഡ് ഏൽപ്പിച്ച ദുരിതത്തിൽനിന്ന് കരകയറുന്ന കലാകാരന്മാരെ കോവിഡിന്റെ മൂന്നാംവരവ് തളർത്തി. 
കോവിഡ് മാനദണ്ഡം പാലിച്ച് ഉത്സവങ്ങളും കലാപരിപാടികളും നടത്താൻ അനുമതിവേണമെന്നാണ് ആവശ്യം. ഫെബ്രുവരി മുതൽ നാട്ടിൽ ഉത്സവ സീസണാണ്‌. അപ്പോഴേക്കും കോവിഡ്‌ വ്യാപനം ഏറിയതോടെ എല്ലാം നിലച്ചു. രണ്ടുവർഷമായി ഉത്സവങ്ങൾക്ക്‌ നിയന്ത്രണങ്ങളായതിനാൽ കാര്യമായ വരുമാനം ലഭിച്ചില്ല. ഈ വർഷം ഏറെ പ്രതീക്ഷയോടെയാണ്‌ തുടങ്ങിയത്‌. എന്നാൽ എല്ലാം അവതാളത്തിലായി. 
മറ്റ് തൊഴിൽ ചെയ്യാനറിയാത്തവരുടെ ജീവിതം ദുരിതപൂർണമാവുകയാണ്‌. ഏപ്രിൽവരെയുള്ള കാലയളവിലാണ്‌ തിരക്കിട്ട ഉത്സവ പരിപാടികളിലൂടെ കലാസംഘങ്ങൾ ജീവിതത്തിന് വക തേടുക. പടിഞ്ഞാറൻമേഖലയിലെ പൂരങ്ങളും കിഴക്കൻമേഖലയിലെ വേലയുമെല്ലാം ഈ കാലയളവിലാണ്. ഈ വർഷം കുറച്ച് ഉത്സവങ്ങൾ നടന്നതോടെ ജീവിതം മെച്ചപ്പെട്ടുവരികയായിരുന്നു. 1500 ഓളം വാദ്യകലാകാരന്മാർ ജില്ലയിലുണ്ട്. ഉപജീവനത്തിനായി പലരും കല ഉപേക്ഷിക്കേണ്ട ഘട്ടത്തിലെത്തി. പങ്കെടുക്കാവുന്നവരുടെ എണ്ണം സംബന്ധിച്ചും നടത്തിപ്പുമായും ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റികളും ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ കോവിഡ് മാനദണ്ഡം പാലിച്ച്  ഉത്സവങ്ങൾ, സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവ നടത്താൻ അനുമതി നൽകി. 
മതിൽക്കെട്ടിനകത്ത് നൂറും പുറത്ത് ഇരുനൂറും പേർക്കും പങ്കെടുക്കാമെന്നായിരുന്നു ഉത്തരവ്. അതിന് പുറമെ  കലാകാരന്മാർക്ക് സർക്കാർ ധനസഹായവും നൽകി. മഹാമാരിയിൽ ജീവിതതാളം തന്നെ തെറ്റിയ കലാകാരന്മാർക്ക്‌‌ ആശ്വാസം പകരുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് കലാമേഖല.‌ 
ബുക്കിങ് പിൻവലിച്ചുതുടങ്ങി
നീണ്ട ഇടവേളയ്ക്ക് ശേഷം ലഭിച്ച പരിപാടികളുടെ ബുക്കിങ്ങുകൾ ക്ഷേത്രകമ്മിറ്റികൾ പിൻവലിച്ചുതുടങ്ങി. വാദ്യോപകരണങ്ങൾ ഉപയോഗിക്കാതെ ദീർഘനാൾ സൂക്ഷിച്ചാൽ നശിക്കും.  നന്നാക്കാൻ ചെലവേറെയാണ്. കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ അവതരിപ്പിക്കാൻ സാഹചര്യമൊരുക്കണം. 
–-കല്ലേക്കുളങ്ങര ബാബു, 
   മദ്ദള കലാകാരൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top