18 April Thursday
കർഷക സംഘം ജില്ലാ സമ്മേളനം തുടങ്ങി

നെല്ലുസംഭരണം കാര്യക്ഷമമാക്കണം

സ്വന്തം ലേഖികUpdated: Sunday Sep 25, 2022

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

എം നാരായണൻ നഗർ (ശ്രീകൃഷ്‌ണപുരം)

നെല്ലുസംഭരണം കാര്യക്ഷമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ കേരള കർഷക സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നാംവിള കൊയ്‌ത്ത്‌ ആരംഭിച്ചിട്ടും സംഭരണം കാര്യക്ഷമമായില്ല. പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാക്കിയ വെല്ലുവിളി അതിജീവിച്ചാണ്‌ കർഷകർ നെല്ല്‌ വിളയിച്ചെടുത്തത്‌. എന്നാൽ പതിവുപോലെ ഇത്തവണയും സ്വകാര്യമില്ലുകാർ മുടന്തൻ ന്യായം പറഞ്ഞ്‌ സംഭരണം വൈകിപ്പിക്കുന്നു. 

നെല്ല്‌ സൂക്ഷിച്ചുവയ്‌ക്കാൻ സാധിക്കാത്ത കർഷകർ കിട്ടിയ വിലയ്‌ക്ക്‌ നഷ്ടത്തിൽ വിറ്റഴിക്കുകയേ മാർഗമുള്ളൂ. ഒരു ക്വിന്റൽ നെല്ലിന്റെ 68 ശതമാനം മില്ലുകാർ സപ്ലൈകോയ്‌ക്ക്‌ മടക്കി നൽകുന്ന വിഷയം പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണം. ഉൽപ്പാദനച്ചെലവ്‌ വർധിപ്പിച്ച സാഹചര്യത്തിൽ കിലോയ്‌ക്ക്‌ 30 രൂപ നൽകി നെല്ല്‌ സംഭരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ എം നാരായണൻ നഗറിൽ (ശ്രീകൃഷ്‌ണപുരം സംഗീത ശിൽപ്പം ഓഡിറ്റോറിയം) ഉജ്വല തുടക്കം. 

അഖിലേന്ത്യാ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി ഡോ. വിജുകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ പി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ പി കെ സുധാകരൻ പതാക ഉയർത്തി. എം കെ സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ സുരേഷ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസ്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 

പി കെ സുധാകരൻ, സി കെ രാജേന്ദ്രൻ, എസ്‌ അബ്‌ദുൾ റഹ്‌മാൻ, സുഹറ തൃത്താല, ബിനോയ്‌ ചാക്കോ എന്നിവടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി രാമകൃഷ്‌ണൻ, കെ പ്രേംകുമാർ എംഎൽഎ, സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ജോർജ്‌ മാത്യു, വത്സല മോഹൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്‌, എൻ എസ്‌ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

സമ്മേളന വിജയത്തിനായി വിവിധ കമ്മിറ്റികളെയും തെരഞ്ഞടുത്തു. മിനുട്‌സ്‌: യു അജയകുമാർ (കൺവീനർ), പി പ്രീത, അബ്‌ദുൾ ഖാദർ, ശാലിനി കറുപ്പേഷ്‌. ക്രഡൻഷ്യൽ: കെ ഡി പ്രസേനൻ (കൺവീനർ), എ കൃഷ്‌ണകുമാർ, കെ ജയദേവൻ. പ്രമേയം: എം ആർ മുരളി (കൺവീനർ), എസ്‌ സുഭാഷ്‌ ചന്ദ്രബോസ്‌, എൻ മണികണ്‌ഠൻ, യു രാജഗോപാൽ, സി സുരേഷ്‌ബാബു, പി എം കലാധരൻ, പി രാമമൂർത്തി, എസ്‌ സഹദേവൻ, ഇ എൻ രവീന്ദ്രൻ, കെ ശ്രീധരൻ.

റിപ്പോർട്ടുകളുടെ അവതരണത്തിനുശേഷം പൊതുചർച്ച തുടങ്ങി. ഞായർ രാവിലെ ചർച്ച തുടരും. തുടർന്ന്‌ പ്രമേയം, അഭിവാദ്യം മറുപടി, ഭാരവാഹി തെരഞ്ഞെടുപ്പ്‌ എന്നിവ നടക്കും.

പൊതുസമ്മേളനം ഇന്ന്‌

പാലക്കാട്‌

കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഞായറാഴ്ച നടക്കും. പ്രകടനം വൈകിട്ട്‌ നാലിന്‌ കടമ്പഴിപ്പുറം ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന്‌ തുടങ്ങും. ഏരിയ, വില്ലേജ് കമ്മിറ്റികളുടെ ബാനറുകൾക്കുകീഴിൽ കർഷകർ അണിനിരക്കും. പ്രകടനം ടൗൺ ചുറ്റി പൊതുസമ്മേളന വേദിയായ കെ വി വിജയദാസ്‌ നഗറിൽ (കടമ്പഴിപ്പുറം ബസ്‌ സ്‌റ്റാൻഡ്‌) എത്തും. തുടർന്ന്‌ പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top