19 April Friday
അമിത ജിഎസ്‌ടി

നിർമാണമേഖലയിൽനിന്ന്‌ നിക്ഷേപകർ 
പിൻവാങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
 
പാലക്കാട്‌
നിർമാണസാമഗ്രികൾക്കും കെട്ടിടനിർമാണകരാറിനും അമിത ജിഎസ്‌ടി ഈടാക്കുന്നത്‌ ഈ മേഖലയിലെ നിക്ഷേപകർക്ക്‌ തിരിച്ചടിയാവുന്നു. ഇതേ തുടർന്ന്‌ നിർമാണമേഖലയിൽനിന്ന്‌ നിക്ഷേപകർ പിൻവാങ്ങുകയാണ്‌. എല്ലാ നിർമാണസാമഗ്രികൾക്കും 18 ശതമാനം ജിഎസ്‌ടിയാണ്‌ കേന്ദ്രസർക്കാർ ചുമത്തുന്നത്‌. വൻകിട ഫ്ലാറ്റ്‌നിർമാതാക്കൾ ഉൾപ്പെടെയുളളവർ മറ്റ്‌ മേഖലകളിലേക്ക്‌ മാറുന്നു. 
ജിഎസ്‌ടി രജിസ്‌ട്രേഷനുള്ള കരാറുകാർ വീട്‌ നിർമാണത്തിന്‌ സ്വകാര്യവ്യക്തിയുമായി കരാറിൽ ഏർപ്പെടുമ്പോൾ മുൻകൂറായി ജിഎസ്‌ടി  നൽകണം. അമ്പത്‌ലക്ഷത്തിന്റെ വീടിന്റെ കരാറിന്‌ ഒമ്പത്‌ലക്ഷംരൂപ ജിഎസ്‌ടി അടയ്‌ക്കണം. ഇതേ രീതിയാണ്‌ വ്യക്തികൾ ഫ്ലാറ്റ്‌ വാങ്ങുമ്പോഴും നൽകേണ്ടത്‌. നിർമാണം തുടങ്ങുന്നതിനുമുമ്പ്‌ എസ്‌റ്റിമേറ്റ്‌ തുകയുടെ ജിഎസ്‌ടി അടച്ചാൽമാത്രമേ അനുമതി ലഭിക്കൂ. 
സാമഗ്രികളുടെ ക്ഷാമത്തിന്‌ പുറമെ ജിഎസ്‌ടിയും ഏർപ്പെടുത്തിയതോടെ വൻ വിലക്കയറ്റമാണ്‌ നിർമാണമേഖലയെ നേരിടുന്നത്‌. കല്ലും എം സാന്റിനും ക്ഷാമം നേരിടുന്നത്‌ മറ്റൊരു പ്രതിസന്ധിയാണ്‌. സംരക്ഷിത വനമേഖലയ്‌ക്കുചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കണമെന്ന സുപ്രീംകോടതി വിധി 14 വില്ലേജുകളിലെ നിർമാണമേഖലയ്‌ക്ക്‌ തിരിച്ചടിയായി.
ജിഎസ്‌ടി കുറയ്‌ക്കണം
നിർമാണസാമഗ്രികൾക്ക്‌ ഏർപ്പെടുത്തിയ ജിഎസ്‌ടി കുറയ്‌ക്കാതെ ഈ മേഖലയ്‌ക്ക്‌ രക്ഷപ്പെടാനാവില്ല. രാജ്യത്ത്‌ പത്ത്‌ കോടി ആളുകളാണ്‌  ഈ മേഖലയിൽ പണിയെടുക്കുന്നത്‌. എല്ലാ സാമഗ്രികൾക്കും 18 ശതമാനമാണ്‌ ജിഎസ്‌ടി. സ്വർണത്തിന്‌ മൂന്നു ശതമാനം മാത്രം. ടൈൽസ്‌ ഉൾപ്പെടെയുള്ള എല്ലാം ഇറക്കുമതി ചെയ്യുന്നു. 
മണൽക്ഷാമം അതിരൂക്ഷമാണ്‌. അത്‌ പരിഹരിച്ചാൽ വലിയ അളവിൽ ആശ്വാസമാകും. എണ്ണായിരം ചെറുകിട ക്വാറികൾ  പൂട്ടിക്കിടക്കുന്നു. പരിസ്ഥിതിക്ക്‌ ദോഷമില്ലാത്തവിധം ക്വാറികൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണം. 
ടി കെ അച്യുതൻ, ട്രഷറർ
കൺസട്രക്‌ഷൻ വർക്കേഴ്‌സ്‌ 
ഫെഡറേഷൻ(സിഐടിയു)
സംസ്ഥാന  കമ്മിറ്റി
സിമന്റ്‌, കമ്പി ഡീലർമാർ പ്രതിസന്ധിയിൽ
വിലക്കയറ്റവും സാമഗ്രികളുടെ ക്ഷാമവും ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌ സിമന്റ്‌, കമ്പി ഡീലർമാരെയാണ്‌. സിമന്റ്‌ മൊത്തത്തിൽ വാങ്ങി സ്‌റ്റോക്ക്‌ ചെയ്യുന്നവർക്ക്‌ അത്‌ വിറ്റുപോയാൽമാത്രമെ ആശ്വാസമാകൂ. മഴക്കാലവും മാന്ദ്യവും കാരണം നിർമാണമേഖലയിൽ ഉണർവില്ലാത്തതിനാൽ വ്യാപാരവും നിലച്ചു. ഇത്‌ സിമന്റ്‌ നശിക്കാൻ ഇടയാക്കും. പ്രതിസന്ധികാരണം സിമന്റ്‌ വിലയിൽ നേരിയ കുറവ്‌ വന്നു. കമ്പിക്കും കിലോയ്‌ക്ക്‌ 14 രൂപ കുറഞ്ഞു. എന്നിട്ടും വ്യാപാരത്തിൽ പ്രതിഫലിക്കുന്നില്ല. 
പി ജി മോഹനൻ 
കേരള സിമന്റ്‌ ട്രേഡേഴ്‌സ്‌ സമിതി 
ജില്ലാ സെക്രട്ടറി
സാമഗ്രി ലഭ്യത 
ഉറപ്പാക്കണം
പ്രാദേശികമായി നിർമാണസാമഗ്രികൾ കിട്ടാത്തതാണ്‌  ഏറ്റവും കൂടുതൽ പ്രതിസന്ധി. ജിഎസ്‌ടിയും വിലക്കയറ്റവുംകൊണ്ട്‌ നട്ടം തിരിയുന്ന സംരംഭകർക്ക്‌ സാമഗ്രികളുടെ ദൗർലഭ്യത ഇരുട്ടടിയാണ്‌. കോയമ്പത്തൂരിലെ തടാകത്തിൽനിന്ന്‌ ഏറ്റവും കൂടുതൽ ചെങ്കല്ല്‌ വന്നിരുന്നു. ഒന്നിന്‌ 7.5 രൂപയ്‌ക്കാണ്‌ കിട്ടിയിരുന്നത്‌. ഇപ്പോൾ തമിഴ്‌നാട്‌ സർക്കാർ കേരളത്തിലേക്ക്‌ അയക്കുന്നത്‌ തടഞ്ഞു. 
കേരളത്തിൽ ഒരു ചെങ്കല്ലിന്‌ 10രൂപ നൽകണം. എന്നിട്ടും  കിട്ടാനില്ല. അഞ്ച്‌ സെന്റ്‌ സ്ഥലത്തിൽ വീട്‌ വയ്‌ക്കാൻ അനുമതി കിട്ടണമെങ്കിൽ വലിയ കാലതാമസം വരുന്നു. അതിന്‌ പരിഹാരമുണ്ടാകണം.  
ആർ കെ മണിശങ്കർ
ലെൻസ്‌ഫെഡ്‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top