20 April Saturday

ദേശീയപാതയിൽ മിനി ലോറി തട്ടിയെടുത്ത 
കേസിൽ 4 പേർകൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
വാളയാർ
കുഴൽപ്പണക്കടത്ത്‌ സംഘമെന്ന്‌ തെറ്റിദ്ധരിച്ച്‌ ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച്‌ മിനി ലോറിയുമായി കടന്ന കേസിൽ കുഴൽപ്പണം തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേർകൂടി അറസ്റ്റിലായി. ഇതോടെ കേസിൽ 14 പേർ അറസ്റ്റിലായി. 
ആലത്തൂർ എരിമയൂർ തോട്ടുപാലം മേത്താടിയിൽ എ സജിത്കുമാർ (സജിത്ത്–- 42), തൃശൂർ കൊടകര സ്വദേശികളായ മറ്റത്തൂർ കാവനാട് എസ് സുരേഷ് (32), പേരാമ്പ്ര പാടത്ത് പറമ്പിൽ എൻ ശ്രീകുമാർ (41), മനക്കുളങ്ങര കൊപ്രക്കളം അമ്പാടത്ത് ബി അമൽരാജ് (അമൽ–- 30) എന്നിവരെയാണ്‌ ആലത്തൂർ, തൃശൂർ എന്നിവിടങ്ങളിൽനിന്നായി വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റിലായവരെ ചോദ്യം ചെയ്തതോടെയാണ്‌ കവർച്ചാ സംഘത്തിലെ മറ്റു പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്. 
മുമ്പ്‌ കേരളത്തിലും തമിഴ്നാട്ടിലുമായി ദേശീയപാത കേന്ദ്രീകരിച്ച്‌ നടന്ന മറ്റ്‌ കവർച്ചക്കേസുകളിലും ഇവർക്ക്‌ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ആലപ്പുഴ എടത്വ കള്ളനോട്ട്‌ കേസുമായി പ്രതികൾക്ക്‌ ബന്ധമില്ലെന്ന്‌ പൊലീസ് അറിയിച്ചു. 
ഈ കേസിൽ നേരത്തേ അറസ്റ്റിലായ അഞ്ചുപേർ കള്ളനോട്ടുകേസിലെ പ്രതികളാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർ ഉടൻ അറസ്റ്റിലാകുമെന്നും വാളയാർ ഇൻസ്‌പെക്ടർ എ അജീഷ് അറിയിച്ചു. 
കഴിഞ്ഞ എട്ടിന്‌ ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽവച്ച് തൃശൂർ വരന്തരപ്പിള്ളി സ്വദേശികളായ ഹാഷിഫ്, നൗഷാദ് എന്നിവർക്കുനേരെയാണ്‌ ആക്രമണമുണ്ടായത്. 
വാളയാർ ഇൻസ്‌പെക്ടർ എ അജീഷ്, എസ്ഐ എച്ച് ഹർഷാദ്, എഎസ്ഐമാരായ കെ ജയകുമാർ, എ തുളസീദാസ്, സീനിയർ സിപിഒ ആർ വിനോദ്, സി രവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top