26 April Friday

വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ ഭർത്താവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

സുരേന്ദ്രൻ

കുഴൽമന്ദം 
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ അറസ്‌റ്റിൽ. തേങ്കുറുശി കോട്ടപ്പള്ള തെക്കേക്കര വീട്ടിൽ ഉഷ (46) മരിച്ചതിലാണ്‌ ഭർത്താവ് സുരേന്ദ്രനെ(52) കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്‌തത്. സുഹൃത്ത്‌ കണ്ണമ്പ്ര സ്വദേശി വാസുവുമായുള്ള ഉഷയുടെ ബന്ധത്തിലുള്ള സംശയവും വിവാഹബന്ധം വേർപെടുത്താൻ വക്കീലിനെ സമീപിച്ചതുമാണ് കൊലപാതകത്തിനുകാരണം. ഒന്നരവർഷംമുമ്പ് ഉഷയും വാസുവും ചേർന്ന് കോട്ടപ്പള്ള തെക്കേക്കരയിൽ 63 സെന്റ്‌ സ്ഥലം വാങ്ങിയിരുന്നു. മുടപ്പല്ലൂരിലെ സുരേന്ദ്രന്റെ സ്ഥലംവിറ്റ് കിട്ടിയ പണം ഉൾപ്പെടെ ഉപയോഗിച്ചാണ്‌ സ്ഥലംവാങ്ങിയത്.
എന്നാൽ, ഉഷയുടെയും വാസുവിന്റെയും പേരിലാണ്‌ രജിസ്റ്റർചെയ്‌തത്‌. സംസാരശേഷിയില്ലാത്തതും എഴുത്തും വായനയും അറിയാത്തതുമാണ് സുരേന്ദ്രനെ ഒഴിവാക്കി ആധാരം രജിസ്‌റ്റർ ചെയ്‌ത്‌ എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്‌. തുടർന്ന്‌ ഉഷയും ഭർത്താവ് സുരേന്ദ്രനും തെക്കേക്കരയിലേക്ക്‌ താമസം മാറ്റി.  വാസു നിരന്തരം വീട്ടിൽവരുന്നത്‌ സുരേന്ദ്രൻ ചോദ്യംചെയ്തിരുന്നു. ബന്ധത്തെച്ചൊല്ലി ഇവർ തമ്മിൽ വഴക്ക്‌ പതിവായിരുന്നു. ഇതോടെ  മൂന്നുമാസമായി സുരേന്ദ്രൻ വടക്കഞ്ചേരി ചുവട്ടുപാടം മേരിഗിരിയിലാണ്‌ താമസിച്ചിരുന്നത്‌. ഇതിനിടയിൽ ഉഷയും വാസുവും തെക്കേക്കരയിലെ സ്ഥലം വിൽക്കാൻ ശ്രമിച്ചു. ഇത്‌ അറിഞ്ഞ സുരേന്ദ്രനും മകൾ സുഭിജയും ചേർന്ന് കോടതിയിൽനിന്ന്‌ വിൽപ്പന തടഞ്ഞുകൊണ്ട് ഉത്തരവ്‌ നേടി. ഇതിനിടയിൽ ഉഷ വിവാഹമോചനത്തിന്‌ വക്കീലിനെ സമീപിച്ചു. 
ബുധൻ രാത്രി എട്ടിന്‌ തെക്കേക്കരയിൽ എത്തിയ സുരേന്ദ്രൻ വീടിന്റെ പുറകുവശത്തെ ഓട് പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ചു. ശബ്ദംകേട്ട ഉഷ വീട് പൊളിച്ച് ആക്രമിക്കാൻ ആരോ വരുന്നുണ്ടെന്ന് വാസുവിനെ ഫോണിൽ വിളിച്ച് പറഞ്ഞു. വാസു വിവരം പൊലീസിനെ വിളിച്ച്‌ അറിയിച്ചു. ഇതിനിടയിൽ പുറകുവശത്തെ വാതൽ തുറന്ന ഉഷയെ സുരേന്ദ്രൻ കെെയിൽ കരുതിയിരുന്ന മൂർച്ചയേറിയ പനയുടെ തണ്ടുകൊണ്ട് തലയ്‌ക്ക്‌ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. വാസു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ ഉഷയെയാണ്‌ കണ്ടത്‌. ഉടൻ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്‌.
കൃത്യത്തിനുശേഷം സുരേന്ദ്രൻ മേരിഗിരിയിലേക്ക്‌ മടങ്ങി. വ്യാഴാഴ്ച മൃതദേഹം കാണാനെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രതിയെ മേരിഗിരിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top