20 April Saturday
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം

പ്രതിയുമായി തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രതിയെ തെളിവെടുപ്പിനായി മമ്പറത്ത്‌ കൊണ്ടുവന്നപ്പോൾ

പാലക്കാട്
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഭാരവാഹിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മമ്പറം, തത്തമം​ഗലം, കണ്ണനൂർ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്‌ച തെളിവെടുപ്പ് നടത്തിയത്‌. കണ്ണനൂരിൽനിന്ന് കണ്ടെത്തിയ നാല് വടിവാളുകൾ സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഇതേ തുടർന്നാണ് വാളുകൾ കണ്ടെത്തിയ കണ്ണനൂരിലെത്തി തെളിവെടുപ്പ് നടത്തിയത്. മുഖംമൂടി ധരിച്ചായിരുന്നു തെളിവെടുപ്പ്. രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊലയ്ക്ക് രണ്ട് മാസത്തിലധികം നീണ്ട ആസൂത്രണമുണ്ടായിരുന്നുവെന്നാണ് മൊഴി. സഞ്ജിത്തിനെ ബൈക്കിടിച്ച് വീഴ്ത്തിയതും ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതും പ്രതി വിശദീകരിച്ചു. കുഴൽമന്ദം വരെ ഒരുമിച്ചാണ് പോയത്. ഇവിടെ വച്ച് കാർ കേടായി. വർക്ക്‌ഷോപ്പിൽ പോയെങ്കിലും കാർ പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടർന്ന് കുഴൽമന്ദത്തുനിന്ന് പ്രതികൾ പലവഴിക്ക് നീങ്ങി എന്നാണ് ഇയാളുടെ  മൊഴി. 
പ്രതിയെ തത്തമം​ഗലം പള്ളിമുക്ക് മൈതാനത്ത് എത്തിച്ചും തെളിവെടുത്തു. പിന്നീട് പ്രതികൾ ആയുധം ഉപേക്ഷിച്ച ദേശീപാതയോരത്തെ കണ്ണനൂരിലും തെളിവെടുപ്പ് നടത്തി. പാലക്കാട് ഡിവൈഎസ്​‍പി പി സി ഹരിദാസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കൊലപാതകം ‍നടന്ന് ഒരാഴ്ചക്കകം പ്രതികളെ പിടികൂടാനായത് നേട്ടമായാണ് പൊലീസ് വിലയിരുത്തുന്നത്. 
കേസിൽ കൂടുതൽ പേർ കസ്‌റ്റഡിയിലുണ്ടെന്നാണ് വിവരം.  വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാവും. പൊലീസ്‌ പ്രതിക്കായി കസ്‌റ്റഡി അപേക്ഷ നൽകി.
ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻകൂടി അറസ്റ്റിൽ
പാലക്കാട് 
മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭാരവാഹികൂടി അറസ്റ്റിൽ. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. 
മറ്റു പ്രതികളെ കുറിച്ചും വ്യക്തമായ വിവരം പൊലീസിന് ലഭിച്ചു. അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top