29 March Friday
പന്നിയങ്കരയിലെ കവർച്ച

അന്വേഷണത്തിന്‌ പ്രത്യേകസംഘം

സ്വന്തം ലേഖകൻUpdated: Saturday Sep 24, 2022

പന്നിയങ്കരയിൽ കവർച്ച നടന്ന വീട്ടിൽ വിരലടയാള വിദഗ്ധർ 
പരിശോധന നടത്തുന്നു

 
വടക്കഞ്ചേരി
പന്നിയങ്കരയിൽ ദേശീയപാതയോരത്തെ വീട്ടിൽനിന്ന്‌ പണവും സ്വർണവും കവർന്ന സംഭവം അന്വേഷിക്കാൻ ഡിവൈഎസ്‌പി ആർ അശോകന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. വടക്കഞ്ചേരി സിഐ എ ആദംഖാൻ, എസ്ഐ കെ വി സുധീഷ്‌കുമാർ, സിപിഒമാരായ ഗോപകുമാർ, റിനുമോഹൻ, ബാബു എന്നിവരും ഡിവൈഎസ്‌പിയുടെയും എസ്‌പിയുടെയും കീഴിലെ ക്രൈം സ്‌ക്വാഡ് അംഗങ്ങളുമാണ്‌ സംഘത്തിലുള്ളത്‌. 
വ്യാഴം രാത്രി ഒമ്പതിനാണ്‌ പന്നിയങ്കര പുതിയേടത്ത് സാം പി ജോണിനെയും ഭാര്യ ജോളിയെയും ആക്രമിച്ച് ആറുപേർ കവർച്ച നടത്തിയത്‌. 25 പവൻ സ്വർണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്‌. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് കെഎൽ 11 രജിസ്ട്രേഷനിലുള്ള ചാരകളർ ഹോണ്ട സിറ്റി കാർ ഈ പ്രദേശത്ത് കണ്ടതായി വിവരം ലഭിച്ചു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദേശീയപാതയുടെ പണിക്കുവന്ന ഇതരസംസ്ഥാന തൊഴിലാളികളാണോ സംഭവത്തിന് പിന്നിലെന്ന്‌ സംശയിക്കുന്നുണ്ട്. സംഘം വീടിന് മുൻവശത്ത്‌ മാരകായുധങ്ങളുമായി നിലയുറപ്പിച്ചതിന് ശേഷം വീടിനുമുന്നിൽനിന്ന്‌ ബൈക്കിന്റെ ഹോണടിച്ചു. ഹോൺ കേട്ട് വാതിൽ തുറന്ന ഉടൻ സാമിനെ വീടിനുള്ളിലേക്ക് തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച സാമിന്റെ മുഖത്ത് ഇരുമ്പുകട്ട കൊണ്ട് ഇടിച്ചശേഷം കെട്ടിയിട്ടു. സാമിന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. മുഖത്ത് സാരമായ പരിക്കുണ്ട്. വടിവാളും കത്തിയും മഴുവുമായാണ്‌ ആക്രമി സംഘം എത്തിയത്. എല്ലാവരും മുഖംമൂടിയും കൈയിൽ ഗ്ലൗസും ധരിച്ചിരുന്നു. 
വടക്കഞ്ചേരി സിഐ എ ആദംഖാൻ, എസ്ഐ കെ വി സുധീഷ്‌കുമാർ എന്നിവർ സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്‌ധരുമെത്തി പരിശോധിച്ചു. അക്രമികൾ ഉപേക്ഷിച്ച കത്തിയും ഗ്ലൗസും കണ്ടെത്തി. നാല് വിരലടയാളവും ലഭിച്ചു. ഉപേക്ഷിച്ച ഗ്ലൗസിൽ മണം പിടിച്ച പൊലീസ് നായ വീടിന് പിറകിലെ പറമ്പിലൂടെ ഓടി ദേശീയപാതയോരത്തെത്തി നിന്നു. വീടിന്റെ മുൻവശത്ത് നിർത്തിയ ബൈക്കിന്റെ പ്ലഗ് ഊരിയിട്ട നിലയിലാണ്‌. സമാനമായ സംഭവം രണ്ടുമാസം മുമ്പ് കൊല്ലങ്കോട് ഭാഗത്തും ഉണ്ടായതായി പൊലീസ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top