19 April Friday

അകലെയാണ്‌... വ്യാപാര സ്ഥാപനങ്ങളിൽ ‘സാമൂഹിക അകലം'

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
പാലക്കാട് 
ജില്ലയിൽ കോവിഡ്–-19 വ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലും വ്യാപാര സ്ഥാപനങ്ങളിൽ വൻതിരക്ക്‌. ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന സർക്കാർ നിർദേശം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ സോഷ്യൽ ഡിൻസ്റ്റൻസിങ് ചുമതലയുള്ള ഫയർ ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു. 
88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും സ്‌ക്വാഡുകൾ മുഴുവൻ സ്ഥാപനങ്ങളും പരിശോധിക്കുന്നുണ്ട്. രണ്ടാഴ്‌ചയ്‌ക്കിടെ 190 സ്ഥാപനങ്ങളിൽ ലംഘനം കണ്ടെത്തി. പാലക്കാട്‌ ടൗണിൽ രണ്ട്‌ മൊബൈൽ കടകളും പറളിയിൽ ഒരുകടയും അടപ്പിച്ചു. മറ്റുള്ളവർക്കെല്ലാം താക്കീത്‌ നൽകി. ഒരിക്കൽകൂടി ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനം രണ്ടാഴ്‌ച അടച്ചിടാൻ നിർദേശം നൽകും. ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാർ മാസ്‌ക്‌ ധരിക്കണം, ഉപഭോക്താക്കൾക്ക് സാനിറ്റൈസർ നൽകണമെന്ന നിർദേശം മിക്കവരും പാലിക്കുന്നില്ല. സ്റ്റേഷനറി കടകളിലുൾപ്പടെയുണ്ടാകുന്ന തിക്കും തിരക്കും അപകടമാണ്‌. പരമാവധി പത്തുപേരെ മാത്രമേ ഒരു സമയം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാവൂ. ഇവർ തമ്മിൽ ആറടിയെങ്കിലും അകലം ഉണ്ടാവണം. കസേരകളും ഇത്തരത്തിൽ വേണം ക്രമീകരിക്കാൻ. ക്വാറന്റൈൻ ലംഘിച്ച്‌ പുറത്തിറങ്ങുന്നവർ വ്യാപാരസ്ഥാപനങ്ങളിലെത്താനുള്ള സാധ്യത ആരോഗ്യവകുപ്പും പൊലീസും ജാഗ്രതയോടെയാണ്‌ കാണുന്നത്. 
ജനങ്ങളുടെ പിന്തുണ വേണം
കൂട്ടത്തോടെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള യാത്ര ജനങ്ങൾ ഒഴിവാക്കണം. മാസ്‌കുകൾ ഉചിതമായ രീതിയിൽ വേണം ധരിക്കാൻ. വ്യാപാരസ്ഥാപനങ്ങളിൽ കയറുന്നതിനുമുമ്പ്‌ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. തിരികെയിറങ്ങുമ്പോഴും ഇത് ചെയ്യണം. ഇതിന്‌ സ്ഥാപനമുടമകൾ സൗകര്യം ഒരുക്കണം. ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുത്. ജനങ്ങളാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടത്.
അരുൺ ഭാസ്‌കർ 
(ജില്ലാ ഫയർ ഓഫീസർ, സോഷ്യൽ ഡിസ്റ്റൻസിങ് ജില്ലാ അസി. കോ–-ഓഡിനേറ്റർ)
സർക്കാർ നിർദേശങ്ങൾ പാലിക്കും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ സർക്കാർ നിർദേശങ്ങൾ പാലിക്കും. സാനിറ്റൈസറും മാസ്‌കും സാമൂഹിക അകലവും ഉറപ്പു വരുത്താൻ സ്ഥാപന ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളും സഹകരിക്കണം.
വി മനോജ് 
(ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി സമിതി)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top