19 April Friday
നയപ്രഖ്യാപനത്തിൽ പാലക്കാടിന്‌

ആദിവാസി ഊരുകൾക്ക്‌ മൈക്രോ പ്ലാൻ; അട്ടപ്പാടിയിൽ മെഡിക്കൽ ക്ലിനിക്

സ്വന്തം ലേഖികUpdated: Tuesday Jan 24, 2023
പാലക്കാട്‌
ബജറ്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി ഗവർണർ അവതരിപ്പിച്ച സർക്കാർ നയ പ്രഖ്യാപനത്തിൽ പാലക്കാടിന്‌ മുന്നേറാൻ നിരവധി പദ്ധതികൾ. അട്ടപ്പാടിയിൽ രോഗിക്കരികിലേക്ക്‌ ചികിത്സാ സംഘത്തെ എത്തിക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ ക്ലിനിക്ക്‌ സജ്ജീകരിക്കും. ഇതിനുള്ള നടപടി തുടങ്ങിയതായി ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. ഒരു മാസം മുമ്പേ പദ്ധതിക്ക്‌ 10.27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌. കാട്ടിനുള്ളിൽ കഴിയുന്ന ഗോത്ര വിഭാഗക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്‌ പദ്ധതി. പുതൂർ പഞ്ചായത്തിലെ കുറുമ്പ മേഖലയായ ആനവായ്‌, താഴെ തുടുക്കി, കടുകുമണ്ണ, ഗലസി, മേലെ ഭൂതയാർ, താഴെ ഭൂതയാർ തുടങ്ങി പതിനഞ്ചോളം ഊരുകൾക്കാണ്‌ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പ്രയോജനം ലഭിക്കുക.
ആദിവാസി ഊരുകളിൽ റോഡ്‌, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ്‌ കണക്‌ഷൻ തുടങ്ങിയ പദ്ധതികൾക്ക്‌ നൽകിയ മുൻഗണന തുടരും. ആദിവാസി വികസനം ലക്ഷ്യമിട്ട്‌ എല്ലാ  ഊരുകൾക്കുമായി മൈക്രോ പ്ലാൻ തയ്യാറാക്കും. ആദിവാസി വിഭാഗങ്ങൾ ഏറെ അതിവസിക്കുന്ന ജില്ലയ്‌ക്കിത്‌ മികച്ച നേട്ടമാവും.
പട്ടിക വർഗ കുടുംബങ്ങൾക്കുള്ള ട്രൈബൽ പ്ലസ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ആദിവാസി മേഖലയിൽ തൊഴിലുറപ്പ്‌  തൊഴിലാളികൾക്ക്‌ അധിക തൊഴിൽ സൃഷ്ടിച്ച്‌ വേതനം നൽകുന്നുണ്ട്‌. പദ്ധതി സംസ്ഥാനത്ത്‌ തുടരും. പാലക്കാടും ഇടുക്കിയിലും ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റുകളും വിൻഡ്‌ ഫാമുകളും നടപ്പിലാക്കും. 2025 ൽ  3000 മെഗാവാട്ട്‌ പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കാനാവുമെന്ന പ്രതീക്ഷ പങ്കുവയ്‌ക്കുന്നു. കൊച്ചി-–-ബംഗളൂരു വ്യവസായ ഇടനാഴിക്ക്‌ നയപ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നു. സ്ഥലം ഏറ്റെടുപ്പ്‌  അവസാനഘട്ടമായി. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് അടുത്ത മാസങ്ങളിൽ തന്നെ തുടക്കം കുറിക്കാനാവും. കാർഷിക, ക്ഷീര, സഹകരണ മേഖലകളിൽ സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന പദ്ധതികൾ ജില്ലയുടെ വികസന വളർച്ചയ്‌ക്ക്‌ വഴിയൊരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top