20 April Saturday

വന്നു, വേല പൂരങ്ങളുടെ കാലം

സ്വന്തം ലേഖകൻUpdated: Tuesday Jan 24, 2023
മലമ്പുഴ
നെല്ലറയുടെ മണ്ണിൽ ഇനി വേല പൂരങ്ങളുടെ കാലം. പൂരം, വെടിയുത്സവം, കുമ്മാട്ടി, കാളവേല, മാരിയമ്മൻ പൂജ തുടങ്ങിയ കണ്ണിനും കാതിനും കാഴ്‌ചവിരുന്നൊരുക്കുകയാണ്‌ മെയ്‌വരെയുള്ള മാസങ്ങൾ. കൊയ്‌ത്ത് കഴിഞ്ഞ പാടങ്ങളിൽ ദേവപ്രീതിക്കായാണ് വേലയുത്സവങ്ങൾ തുടങ്ങിയത്. ഇന്നത് ക്ഷേത്രമുറ്റത്തെ വിശാലമായ മൈതാനത്തിന്‌ വഴിമാറി. ഫെബ്രുവരിയിൽ ആരംഭിച്ച്‌ മേയിൽ അവസാനിക്കുമ്പോഴേക്കും ഇരുനൂറിലധികം ഉത്സവം സമാപിക്കും. 
‘ആദി പുതുശേരി, അവസാനം കോങ്ങാട്’ എന്നാണ്‌ പഴമക്കാർക്ക്‌ വേലയുടെ ക്രമം. ഫെബ്രുവരി 27ന്റെ പുതുശേരി വെടിയോടെ തുടക്കം. പുതിയകാലത്ത്‌ ഇതിൽ മാറ്റംവന്നു. പുതുശേരി വെടിക്കുമുന്നേ പുത്തനാൽക്കൽ പൂരം കാളവേല, പരിയാനമ്പറ്റ പൂരം, രാമശേരി കുമ്മാട്ടി, പാടൂർ വേലകൾ കഴിയും. കല്ലേപ്പുള്ളി കുമ്മാട്ടിയും ചാലിശേരി പൂരവും ഫെബ്രുവരിയിലാണ്‌.
മാർച്ചിൽ മണപ്പുള്ളിക്കാവ് വേല, ചിനക്കത്തൂർ പൂരം, ചിറ്റൂർ കൊങ്ങൻപട, വായില്യാംകുന്ന് പൂരം, കോങ്ങാട് പൂരം, കുനിശേരി കുമ്മാട്ടിയും നടക്കും. ഏപ്രിലിൽ പ്രസിദ്ധമായ നെന്മാറ വല്ലങ്ങി വേല, തെന്നിലാപുരം വേല, കാവശേരി പൂരം, ആര്യങ്കാവ് പൂരം, മുണ്ടൂർ കുമ്മാട്ടി, മേയിൽ തൂതപ്പൂരം, മുളയങ്കാവ്, മംഗലം വേലയുൾപ്പെടെ നടക്കും. മേടത്തിൽ വിഷുവേലകളോടെ അവസാനിക്കുന്നതാണ്‌ ഉത്സവ കലണ്ടർ.
ഓരോ പഞ്ചായത്തിലും മൂന്ന് വേലയെങ്കിലുമുണ്ട്‌. ചുരുക്കത്തിൽ മുന്നൂറോളം വേലകൾ. 
ഉത്സവങ്ങൾ എന്നതിനപ്പുറം മേളക്കാർമുതൽ ഉത്സവപ്പറമ്പിലെ കച്ചവടക്കാർക്ക്‌ പ്രതീക്ഷകളുടെ പൂക്കാലംകൂടിയാണ്‌. ആനപ്പാപ്പാന്മാർ, ചെണ്ടമേളക്കാർ, പന്തൽ, ലൈറ്റ് സൗണ്ട്, കുംഭക്കളിക്കാർ, ഗാനമേള, നാടകം, കലാകാരന്മാർ എന്നിവർക്ക്‌ ഒരുവർഷത്തെ പ്രതീക്ഷയാണ്‌ ഈ ഉത്സവാഘോഷങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top