28 March Thursday

മലമ്പുഴ ബ്രാഞ്ചുകനാലുകൾ 3 ദിവസത്തിനകം വൃത്തിയാക്കും

സ്വന്തം ലേഖികUpdated: Wednesday Nov 23, 2022
പാലക്കാട്‌
മലമ്പുഴയിൽനിന്ന്‌ രണ്ടാംവിള ജലസേചനത്തിന്‌ തടസ്സമില്ലാതെ വെള്ളമൊഴുക്കാൻ   കനാലുകൾ വൃത്തിയാക്കും . ജില്ലാപഞ്ചായത്ത്‌ അനുവദിക്കുന്ന ഒരു കോടി രൂപയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച്‌ ജലസേചന വകുപ്പ്‌ ബ്രാഞ്ച്‌ കനാലും  പഞ്ചായത്ത്‌ ഫണ്ടുപയോഗിച്ച്‌ ഉപകനാലുകളും കർഷകരും സംഘടനകളും ചേർന്ന്‌ കാഡാ കനാലും വൃത്തിയാക്കും. എ പ്രഭാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ  ചുണ്ണാമ്പുതറ ശിരുവാണി  സർക്കിൾ ഓഫീസിൽ ചേർന്ന യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌  പദ്ധതി തയ്യാറാക്കിയത്‌.മൂന്നുനാല്‌ ദിവസത്തിനകം ജലസേചന വകുപ്പ്‌ ബ്രാഞ്ച്‌ കനാൽ വൃത്തിയാക്കും. ചൊവ്വ മുതൽ തന്നെ കനാലുകളിലെ തടസ്സം കണ്ടെത്തി അടിയന്തരമായി നീക്കം ചെയ്യും. മലമ്പുഴ പദ്ധതിക്കു കീഴിൽ മെയിൻ കനാൽ കൂടാതെ 62 എൽബിസി ബ്രാഞ്ച്‌ കനാലും 10 ആർബിസി ബ്രാഞ്ച്‌ കനാലുമുണ്ട്‌. 
പഞ്ചായത്തുകൾ തനത്‌ഫണ്ടിൽനിന്ന്‌ ശുചീകരണത്തിന്‌ തുക കണ്ടെത്തണം. അതിന്‌ സാധിക്കാത്തവർ മറ്റ്‌ വഴികളിൽ തുക കണ്ടെത്തും.  മരുതറോഡ്‌ പഞ്ചായത്തിൽ പതിനായിരം രൂപ വീതം പാടശേഖര സമിതിയും ചെലവിട്ട്‌ ശുചീകരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌. വൃത്തിയാക്കൽ ആരംഭിക്കുകയും ചെയ്‌തതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി ഉണ്ണിക്കൃഷ്‌ണൻ അറിയിച്ചു. പരമാവധി തുക കണ്ടെത്തി കനാൽ നവീകരിച്ച്‌ കൃഷിക്കാരെ സഹായിക്കാമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ യോഗത്തിൽ ഉറപ്പുനൽകി.
ബ്രാഞ്ച്‌ കനാലുകൾ വൃത്തിയാക്കാതെ വെള്ളം കൂടുതൽ വിട്ടാൽ കനാലുകൾ പൊട്ടുമെന്ന്‌ ജലസേചന വകുപ്പ്‌ അധികൃതർ അറിയിച്ചു. 32 കിലോമീറ്റർ മെയിൻ കനാലും പാലക്കാട്‌ നഗരസഭയിലെ ബ്രാഞ്ച്‌ കനാലുകളും നിലവിൽ വൃത്തിയാക്കിയിട്ടുണ്ട്‌. നിലവിൽ മലമ്പുഴയിലെ ജലനിരപ്പ്‌ 114.77 മീറ്ററാണ്‌. 100 ദിവസം കൃഷിക്ക്‌ വെള്ളം കൊടുക്കാനാവും. രണ്ടാംവിളയ്‌ക്ക്‌ വെള്ളമെത്തിക്കുന്നതിന്‌ ജലസേചന വകുപ്പിന്റെ കരാറുകാരെ ഉൾപ്പെടെ ഉപയോഗിച്ച്‌ കനാൽ വൃത്തിയാക്കൽ അടിയന്തരമായി ആരംഭിക്കുമെന്ന്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ പി അനിൽകുമാർ അറിയിച്ചു. 
കേരള പഞ്ചായത്ത്‌ പ്രസിഡന്റ്‌സ്‌ അസോസിയേഷൻ ജില്ലാ  പ്രസിഡന്റ്‌ എ ബാബു,  മലമ്പുഴ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ മുഹമ്മദ്‌ സലാം, മലമ്പുഴ പദ്ധതിയുടെ പരിധിയിൽ വരുന്ന പഞ്ചായത്ത്‌ പ്രസിഡന്റുമാർ, പദ്ധതി ഉപദേശക സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top