28 March Thursday
കാരാകുറുശി പഞ്ചായത്ത്‌ ഓഫീസില്‍ ലീ​ഗ് ആക്രമണം

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്കും 
2 പ്രവര്‍ത്തകര്‍ക്കും പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
 
മണ്ണാർക്കാട് 
കാരാകുറുശി പഞ്ചായത്ത് ഓഫീസിൽ മുസ്ലിംലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ മൂന്ന്‌ സിപിഐ എം പ്രവർത്തകർക്ക് പരിക്ക്.  പരിക്കേറ്റ പുല്ലിശേരി ബ്രാഞ്ച് സെക്രട്ടറി വെള്ളാഞ്ചേരി റഫീഖ്, സ്രാമ്പിക്കൽ ഹനീഫ, പെരുമണ്ണിൽ യഹിയ എന്നിവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
യൂത്ത് ലീഗ് നേതാവ് റിയാസ് നാലകത്തി​ന്റെ നേതൃത്വത്തിലാണ് ക്രിമിനൽ സംഘം ആക്രമിച്ചതെന്ന് പരിക്കേറ്റവർ പൊലീസിന്‌ മൊഴി നൽകി. 
2021–- 2022 വർഷത്തെ ടെൻഡർ നടപടി നടക്കുന്നതിനിടെയാണ് റിയാസ് നാലകത്തും ലീ​ഗ് ക്രിമിനലും ഏതാനും കരാറുകാരുമടങ്ങുന്ന സംഘം പഞ്ചായത്തിലെത്തിയത്. ഇവർ പഞ്ചായത്ത്‌ ഓഫീസിൽ ടെൻഡർ നടപടി തടസ്സപ്പെടുത്താൻ സംഘർഷമുണ്ടാക്കി. 
ഇതിനിടെയാണ്   യഹിയ,   ഹനീഫ,   റഫീഖ് എന്നിവരെ മർദിച്ചത്. വാഹനങ്ങൾ തകർക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡ​ന്റ് എ പ്രേമലതയെ വഴിയിൽ തടഞ്ഞുനിർത്തിയാണ് ലീ​ഗുകാർ പഞ്ചായത്ത്‌ ഓഫീസിൽ അക്രമം നടത്തിയത്. തൊട്ടടുത്ത ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക്‌ വന്നവരെയും ആക്രമിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റി പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.  
സുതാര്യമായാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം മുന്നോട്ട്‌  പോകുന്നതെന്നും അതിലുള്ള അസൂയയാണ് ലീഗിനെ അക്രമത്തിന്‌ പ്രേരിപ്പിച്ചതെന്നും പഞ്ചായത്ത് പ്രസിഡ​ന്റ് പറഞ്ഞു. യഹിയയുടെ പരാതി പ്രകാരം റിയാസ് നാലകത്ത്, കാസിം കോലാനി, ഹംസ കോലാനി,നൗഫൽ പൊതിയിൽ, സുബൈർ എന്നിവർക്കെതിരെ കല്ലടി പൊലീസ് കേസെടുത്തു. റിയാസിന്റെ പരാതി പ്രകാരം യഹിയക്കെതിരെയും കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top