പാലക്കാട്
ബിജെപിയിലെ തമ്മിലടി രൂക്ഷമായെങ്കിലും പ്രതിപക്ഷ കൗൺസിലർമാരുടെ സമ്മർദത്തിനൊടുവിൽ കൗൺസിൽ യോഗം വിളിച്ച് നഗരസഭ. 26ന് പകൽ 11ന് കൗൺസിൽ ചേരുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് അറിയിച്ചു. കൗൺസിൽ ചേരണമെന്നാവശ്യപ്പെട്ട് സിപിഐ എം കൗൺസിലർമാരടക്കം കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് രണ്ടുമാസത്തിനുശേഷം കൗൺസിൽ ചേരുന്നത്. ചെയർപേഴ്സൺ പ്രിയ അജയൻ അവധിയിലായതിനാൽ വൈസ് ചെയർമാന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ബിജെപിയിലെ തമ്മിലടിയും വികസന പ്രവർത്തനങ്ങൾ മുടങ്ങിയതും പ്രതിപക്ഷം കൗൺസിലിൽ ഉന്നയിക്കും.
വിമതർക്ക് വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ച് ചെയർപേഴ്സൺ 10 ദിവസത്തെ അവധിയാണ് എടുത്തിരിക്കുന്നത്. ഓണത്തിനുശേഷം കാര്യമായി നഗരസഭയിൽ ചെയർപേഴ്സൺ എത്താത്തത് വിവാദമായതോടെയാണ് അവധിയെടുത്ത് പ്രിയ അജയൻ മാറി നിൽക്കുന്നത്. പ്രിയ അജയന് ആർഎസ്എസ് പിന്തുണകൂടി ഉണ്ടെന്നാണ് വിവരം. മുൻ നഗരസഭാ ചെയർപേഴ്സന്റെയും ഒരുസ്ഥിരം സമിതി ചെയർമാന്റെയും നേതൃത്വത്തിൽ നഗരസഭാ ഭരണത്തിൽ അമിതമായി ഇടപെടുന്നതാണ് ആർഎസ്എസിനെയും പ്രിയയെയും ചൊടിപ്പിച്ചത്. ചെയർപേഴ്സന്റെയും വിമതരുടെയും പക്ഷത്തേക്ക് ബിജെപി കൗൺസിലർമാർ രണ്ടുചേരിയായി തിരിഞ്ഞ് പരസ്യമായാണ് പോര്. ഇത് കൗൺസിൽ യോഗത്തിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാണ് മാറിനിൽക്കാൻ കാരണമെന്നും മറ്റുള്ള കാര്യങ്ങൾ അഭ്യൂഹം മാത്രമാണെന്നും പ്രിയ അജയൻ പറഞ്ഞു.
നഗരസഭാ യോഗം ചേരാത്തതിനാൽ അറ്റകുറ്റപ്പണികളും മറ്റ് വികസനപ്രവർത്തനങ്ങളും താളംതെറ്റിയിരിക്കുകയാണ്. വാർഡുകളിലെ ജോലികൾ മുടങ്ങിയതോടെ ബിജെപി കൗൺസിലർമാരടക്കം പ്രതിഷേധത്തിലാണ്. ജൂലൈ 20നാണ് അവസാനമായി കൗൺസിൽ ചേർന്നത്. ആഗസ്ത് നാലിന് അടിയന്തര കൗൺസിൽ ചേർന്നു. നഗരസഭയിലെ പ്രതിസന്ധിക്കെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..