പാലക്കാട്
മലമ്പുഴയിൽ കാട്ടാനക്കൂട്ടം നാലേക്കർ നെൽക്കൃഷി നശിപ്പിച്ചതിനുപിന്നാലെ ശേഷിച്ച നെൽപ്പാടം കാക്കാൻ കർഷകർ പരിശ്രമിച്ചെങ്കിലും തടയാൻ കഴിഞ്ഞില്ല. വ്യാഴാഴ്‌ച രാത്രി ശേഷിച്ച അഞ്ചേക്കറും ആനയിറങ്ങി ചവിട്ടിമെതിച്ച് നശിപ്പിച്ചു. കൊട്ടേക്കാട് മുണ്ടൻകണ്ടത്ത് വീട്ടിൽ ദേവയാനിയുടെ കൃഷിയാണ് നശിച്ചത്.
മലമ്പുഴ കവ അടുപ്പുകൂട്ടി മലയ്‌ക്കുതാഴെ റിങ് റോഡിനുസമീപം കൊമ്പനളയിലുള്ള പത്തേക്കർ കൃഷിഭൂമിയിൽ ബുധനാഴ്‌ച പുലർച്ചെയോടെ ആനക്കൂട്ടമിറങ്ങി നാലേക്കർ നശിപ്പിച്ചിരുന്നു. നാട്ടുകാർ ബഹളംവച്ചപ്പോൾ പ്രദേശവാസികൾ ഇറങ്ങി ആനയെവിരട്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വനപാലകരെത്തിയാണ് കാടുകയറ്റിയത്. പൂർണമായും ആനകൾ കാട്ടിലേക്ക് മടങ്ങാത്തതിനാൽ വ്യാഴാഴ്‌ച തീകൂട്ടിയും പടക്കം പൊട്ടിച്ചും ആനയെ ഓടിക്കാൻ രാത്രി പാടത്ത് കർഷകർ കാവലിരുന്നു. എന്നാൽ, പുലർച്ചെ കൂട്ടത്തോടെ ആനയിറങ്ങി. പ്രാണരക്ഷാർഥം ഓടിപ്പോകാനല്ലാതെ കർഷകർക്ക് ഒന്നും ചെയ്യാനായില്ല. നോക്കിനിൽക്കേ ആനക്കൂട്ടം പാടത്തേക്കിറങ്ങി എല്ലാം ചവിട്ടിമെതിച്ചു. കുട്ടിയാനയടക്കം കൂട്ടത്തിൽ ഉണ്ടായിരുന്നു. ദേവയാനിയുടെ മകൻ ദയാനന്ദനാണ് കൃഷി ചെയ്‌തിരുന്നത്. ഒരാഴ്‌ച കഴിഞ്ഞാൽ വിളവെടുക്കാൻ പാകത്തിലുള്ളതായിരുന്നു നെൽക്കൃഷി.
മൂന്നുലക്ഷത്തോളം രൂപ ചെലവാക്കിയാണ് കൃഷി ഇറക്കിയിരുന്നത്. പത്തുലക്ഷത്തോളം രൂപയുടെ നെല്ല് സംഭരിക്കാൻ കഴിയുമായിരുന്നിടത്താണ് എല്ലാം തകർന്നടിഞ്ഞത്. പത്തേക്കറിൽ 56 സെന്റിലേക്ക് മാത്രമാണ് ആനയുടെ കണ്ണെത്താതിരുന്നത്. മേഖലയിൽ ആന ഇറങ്ങാറുണ്ടെങ്കിലും കൃഷി നശിപ്പിക്കുന്നത് ആദ്യമായിട്ടാണ്. അരനൂറ്റാണ്ടിലേറെയായി ഇവിടെ കൃഷി ചെയ്‌തിരുന്നതാണ്. തലമുറ മാറിയതോടെ ദേവാനന്ദൻ കൃഷി ഏറ്റെടുക്കുകയായിരുന്നു. സമീപപ്രദേശത്തുള്ളവർ നെൽക്കൃഷിയിൽനിന്ന് മാറി തോട്ടം വിളകളിലേക്ക് തിരിഞ്ഞു. ഇനി നെൽക്കൃഷിയിലേക്ക് ഇല്ലെന്നും ദേവാനന്ദൻ പറഞ്ഞു. വനം വകുപ്പിൽ നഷ്‌ടപരിഹാരത്തിന് അപേക്ഷ നൽകിയാലും അത് കിട്ടുമ്പോൾ സമയമെടുക്കും. വിള ഇൻഷുറൻസ് ചെയ്‌തിട്ടുണ്ടെങ്കിലും വന്യമൃഗശല്യത്തിന് ഇൻഷുറൻസ് കിട്ടില്ല. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് മാത്രമേ കൃഷിവകുപ്പ് ഇൻഷുറൻസ് നൽകുകയുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..