മണ്ണാർക്കാട്/മലമ്പുഴ
ശക്തമായ മഴയെത്തുടർന്ന് മലയോര മേഖലയായ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി. നോക്കിനിൽക്കേ പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞത് പരിഭ്രാന്തി പരത്തി. ആളപായമില്ല. പാലക്കയത്ത് ഇരുമ്പാമുട്ടിയിൽ ഒറ്റപ്പെട്ടുപോയ രണ്ട് കുടുംബത്തിലെ ആറുപേരെ അഗ്‌നിരക്ഷാസേനയുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു.
തോമസ്‌കുട്ടി (70), ഭാര്യ ലില്ലിക്കുട്ടി (62), മകൻ സിബി (30), സിബിയുടെ ഭാര്യ കൃപ (25), കുട്ടി രൂക്കോസ് (3), മേരി കാരക്കാട്ടിൽ (75) എന്നിവരെയാണ് മാറ്റിപ്പാർപ്പിച്ചത്. രക്ഷാപ്രവർത്തകർ സാഹസികമായി 250 മീറ്റർ ദൂരം നാല് അടിയോളം ഉയർന്ന വെള്ളത്തിലൂടെ നടന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ റോഡരികിലുള്ള ഫിലിപ്പ് ഐക്കരയുടെ വീട്ടിലേക്കാണ് മാറ്റിയത്. ഇവരിൽ നടക്കാനാകാത്ത തോമസ്‌കുട്ടിയെ സ്ട്രെച്ചറിലാണ് കൊണ്ടുവന്നത്.വെള്ളി വൈകിട്ടുണ്ടായ കനത്ത മഴയെത്തുടർന്ന് പാലക്കയം അങ്ങാടിയിലുൾപ്പെടെ വെള്ളം കയറി. വനമേഖലയോട് ചേർന്നുള്ള കാർഷിക മേഖലയിൽ താമസക്കാരില്ലാത്തതിനാൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പാലക്കയം കാർമൽ സ്കൂൾ വെള്ളത്തിൽ മുങ്ങി. ശിരുവാണി റോഡിൽ താഴ്‌ന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും കനത്ത മഴയിലും മൈതാനം മാത്രമേ മുങ്ങാറുള്ളൂ. അപ്രതീക്ഷിത മലവെള്ളപ്പാച്ചിലായതിനാൽ മുൻകരുതൽ സ്വീകരിക്കാൻ സ്‌കൂൾ അധികൃതർക്ക് കഴിഞ്ഞില്ല. കടകളിലും വെള്ളം കയറി. റവന്യു, വനം അധികൃതരും അഗ്‌നിരക്ഷാസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻകുട്ടി, വൈസ് പ്രസിഡന്റ് രാജി ജോണി എന്നിവരും സ്ഥലത്തെത്തി. ടിപ്പുസുൽത്താൻ റോഡിലുള്ള വിനായക നഗർ കോളനിയിലെ മുഴുവൻ വീടുകളിലും വെള്ളം കയറി. നെല്ലിപ്പുഴയും കുന്തിപ്പുഴയും തൂതപ്പുഴയും നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ മൂന്ന് ഷട്ടർ 20 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇത് 60 മുതൽ 70 സെന്റിമീറ്റർവരെ ഉയർത്താനും സാധ്യതയുണ്ട്. ജനങ്ങൾ നദിയിലേക്ക് ഇറങ്ങരുതെന്ന് നിർദേശം നൽകി. ജാഗ്രത വേണമെന്ന് കലക്ടർ ഡോ. എസ് ചിത്ര അറിയിച്ചു.
മലമ്പുഴ അകമലവാരത്തും പുഴകൾ നിറഞ്ഞൊഴുകി. വെള്ളി പകൽ തെക്കേ മലമ്പുഴ, പാലമല മലനിരകളിൽ കനത്ത മഴ പെയ്‌തു. മലമ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന ജലസ്രോതസ്സുകളായ മൈലാടിപ്പുഴ, ചെറുപുഴ, ഒന്നാം പുഴയും കരകവിഞ്ഞൊഴുകുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ധോണിയിലും മഴ ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..