25 April Thursday

സമ്മേളനത്തിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
പാലക്കാട്‌
കേരള കർഷകസംഘം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ശ്രീകൃഷ്ണപുരത്തും കടമ്പഴിപ്പുറത്തും നടക്കും. എം നാരായണൻ നഗറിൽ (സംഗീതശിൽപ്പം ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം) ശനി രാവിലെ പത്തിന്‌ പ്രതിനിധി സമ്മേളനം ഓൾ ഇന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 
ജില്ലയിലെ 15 ഏരിയകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളും 45 കമ്മിറ്റി അംഗങ്ങളും നേതാക്കളും ഉൾപ്പെടെ 350  പേർ സമ്മേളനത്തിൽ ഒത്തുചേരുമെന്ന്‌ ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസും ട്രഷറർ വി സി രാമചന്ദ്രനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൊതുസമ്മേളനത്തിന്റെ ഭാഗമായി ഞായർ വൈകിട്ട് നാലിന്‌ കടമ്പഴിപ്പുറം ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് പ്രകടനം ആരംഭിക്കും. ശ്രീകൃഷ്ണപുരം ഏരിയയിലെ വിവിധ കമ്മിറ്റികളിൽനിന്ന് വില്ലേജ് അടിസ്ഥാനത്തിൽ ബാനറിന് കീഴിൽ കർഷകർ അണിനിരക്കും. ഒറ്റപ്പാലം, ചെർപ്പുളശേരി, മണ്ണാർക്കാട് ഏരിയകളിൽ നിന്നുള്ള പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുക്കും. കെ വി വിജയദാസ്‌ നഗറിൽ ( കടമ്പഴിപ്പുറം ബസ്‌സ്റ്റാൻഡ്‌) പൊതുസമ്മേളനം കിസാൻ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 
ജില്ലയിലെ 1,685 യൂണിറ്റുകളിൽ കേരള കർഷകസംഘത്തിന് 3,95,852 അംഗങ്ങളുണ്ട്‌. 148 വില്ലേജ് കമ്മിറ്റികളും 15 ഏരിയ കമ്മിറ്റികളുമാണുള്ളത്‌.  
 രാജ്യത്ത് കർഷകർ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ദുരിതങ്ങൾ വാരിയെറിയുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യത്ത്‌ ഉയർന്നുവരുന്നതിനിടയിലാണ് കർഷകസംഘം സമ്മേളനം ചേരുന്നത്. സംസ്ഥാനത്ത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റ കർഷകപക്ഷ വികസന ക്ഷേമ നിലപാടുകൾ വലിയ പ്രതീക്ഷയും ആവേശവുമാണ് കർഷകർക്ക് നൽകുന്നത്. രണ്ടുദിവസത്തെ സമ്മേളനത്തിൽ രാജ്യത്തെ കർഷകരുടെ സ്ഥിതി ഉൾപ്പെടെ ചർച്ച ചെയ്യും.  
1970 ലാണ്‌ ശ്രീകൃഷ്ണപുരത്ത് അവസാനമായി കർഷകസംഘം ജില്ലാ സമ്മേളനം നടന്നത്‌. നാല് ദശകങ്ങൾക്ക് ശേഷമെത്തിയ സമ്മേളനം ചരിത്രവിജയമാക്കാൻ സംഘാടകസമിതി രൂപീകരിച്ച്  പ്രവർത്തിക്കുന്നു. 
സംഘാടകസമിതി നേതൃത്വത്തിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കർഷക കാർഷിക സമരങ്ങളിലൂടെ വളർന്നുവന്ന കേരളീയ സമൂഹം, ഡൽഹി സമരവും രാഷ്ട്രീയ കാഴ്ചപ്പാടും എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, കർഷകസംഘം മുൻകാല നേതാക്കളെയും മാതൃക കർഷകരെയും പങ്കെടുപ്പിച്ച്‌ ആദരായനം, കന്നുകുട്ടി പ്രദർശനം, പോത്തു പൂട്ട് പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.
ജാഥ 
പര്യടനമില്ല
പാലക്കാട്‌
സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ച പോപ്പുലർഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര ജാഥകൾ റദ്ദാക്കി. വ്യാഴാഴ്‌ച രക്തസാക്ഷി സ്‌മൃതി കുടീരങ്ങളിൽ ജാഥകൾ ഉദ്‌ഘാടനം ചെയ്‌തു. ശനിയാഴ്‌ച രാവിലെ പൊതുസമ്മേളന നഗറിൽ പതാക ഉയർത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top