29 March Friday

കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ 
സർക്കാരിനൊപ്പം വരുന്നു: പിണറായി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
പാലക്കാട്‌
സർക്കാരിന്റെ വികസന കാഴ്‌ചപ്പാടിനൊപ്പം കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ വരുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട്‌ മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥിനെ പോലുള്ളവർ  സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ അറിയിച്ചത്‌ സ്വാഗതാർഹമാണ്‌. ഇത്തരം കാഴ്‌ചപ്പാടുള്ള അനേകം നേതാക്കളുണ്ട്‌. ജനങ്ങളും ഇക്കാര്യത്തിൽ സർക്കാരിന്‌ പുർണ പിന്തുണ നൽകുന്നുണ്ട്‌. 
പുതിയ കാര്യങ്ങൾ പഴയ കാലത്തുനിന്നല്ല ആലോചിക്കേണ്ടത്‌. പുതിയ മാർഗം വേണം. യുഡിഎഫ്‌ സർക്കാർ നേരത്തേ ആലോചിച്ചത്‌ ഹൈസ്‌പീഡ്‌ റെയിലാണ്‌. എന്നാൽ അത്‌ പ്രായോഗികമല്ല എന്ന്‌ കണ്ടതിനാൽ എൽഡിഎഫ്‌ സർക്കാർ സെമി ഹൈസ്‌പീഡ്‌ റെയിലാക്കി മാറ്റി. ഐടി മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുകയാണ്‌. 
സ്‌റ്റാർട്ടപ്പുകളുടെ ഹബ്ബായി കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്‌. പുതിയ ഐടി ഇടനാഴികൾ വരുന്നു. കണ്ണൂർ എയർപോർട്ടിൽ പുതിയ ഐടി പാർക്ക്‌ വരുന്നു. 
കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിക്കായി പാലക്കാട്ട്‌ 80 ശതമാനം സ്ഥലം ഏറ്റെടുത്തു. വൻകിട കമ്പനികൾ ഓരോന്നായി കേരളത്തിലേക്ക്‌ വരികയാണ്‌.  ഈ സാഹചര്യത്തിൽ പശ്‌ചാത്തല സൗകര്യവികസനം അനിവാര്യമാണ്‌. അതിന്‌ യാത്രാസൗകര്യം വർധിക്കണം. ദേശീയപാത വികസനം നടക്കില്ലെന്ന്‌ എഴുതിത്തള്ളി. ഇന്ന്‌ യാഥാർഥ്യമായി. അന്ന്‌ തർക്കങ്ങൾ ഉന്നയിച്ചവർ ഇന്ന്‌ പശ്‌ചാത്തപിക്കുകയാണ്‌. സ്ഥലം വിട്ടുനൽകിയവർക്ക്‌ കൈനിറയെ പണം ലഭിച്ചു. ഗെയിൽ പൈപ്പ്‌ ലൈനും എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കി. 
എല്ലാ പ്രതിസന്ധികളിലും ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. കോവിഡ്‌ കാലത്ത്‌ ആരും പട്ടിണികിടക്കരുത്‌ എന്ന ലക്ഷ്യത്തോടെ കുടുംബങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റ്‌  നൽകി. കിറ്റിനെ അധിക്ഷേപിച്ചവരെ ജനം സ്വീകരിച്ചില്ല. നാട്‌ സർക്കാരിനൊപ്പം നിന്നു. ജനങ്ങളിൽ എൽഡിഎഫിന്‌ നല്ല സ്ഥാനമുണ്ട്‌. 
യശസ്സ്‌ ഉയർന്നുനിൽക്കുകയാണ്‌. അത്‌ ആപത്താണെന്ന്‌ യുഡിഎഫും ബിജെപിയും കാണുന്നു. ആ യശസ്സ്‌ തകർക്കാൻ കള്ളക്കഥകൾ മെനയുകയും പ്രചരിപ്പിക്കുകയുമാണ്‌. അതിനെ ജനം തിരസ്‌കരിച്ചുവെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top