19 April Friday

ബ്രിട്ടീഷുകാരെ തോൽപ്പിച്ചതുപോലെ ബിജെപിയെ രാജ്യം തോൽപ്പിക്കും: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
പാലക്കാട് 
സവർണരുടെയും കോർപറേറ്റുകളുടെയും പ്രീതിക്കായി പാവങ്ങളെ അടിച്ചമർത്താനുള്ള ലൈസൻസായി ഭരണത്തെ  ഉപയോഗിക്കുന്ന ബിജെപിയെയും കേന്ദ്രസർക്കാരിനെയും ബ്രിട്ടീഷുകാരെ തോൽപ്പിച്ചതുപോലെ രാജ്യം തോൽപ്പിക്കുമെന്ന് ഓൾ ഇന്ത്യ അഗ്രികൾച്ചർ വർക്കേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ. 
കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പാവങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നു. പട്ടികജാതിക്കാരെയും ദളിതരെയും ആക്രമിക്കുന്നു. തൊഴിലുറപ്പുകാർക്ക് കൂലി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. എഫ്സിഐ ഗോഡൗണുകൾ പൂട്ടാനൊരുങ്ങുന്നു. കാർഷികമേഖലയിൽ പണിയെടുക്കുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തണം. 
തൊഴിലുറപ്പിൽ പണിയെടുക്കുന്നവർക്ക് ഇപ്പോൾ ലഭിക്കുന്നതിന് പുറമെ നൂറുരൂപ കൂടുതൽ നൽകണം. ദരിദ്രജനവിഭാഗത്തിന്റെ കൈയിൽ പണമെത്തണം. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നേതൃത്വത്തിൽ നടന്ന സമരങ്ങൾകൊണ്ട് അവകാശങ്ങൾ നേടാൻ കഴിയുമെന്ന് തെളിയിച്ചു. രാജ്യത്തിനും ലോകത്തിനും മാതൃകയായ, ബദലുകൾ തീർക്കുന്ന കേരളത്തെ തകർക്കാൻ ബിജെപിയും കേന്ദ്രസർക്കാരും ശ്രമിക്കുന്നു. 
വികസനത്തിന്റെ പ്രതീകമായ കെ റെയിലിനെ തകർക്കാൻ യുഡിഎഫ് രംഗത്തിറങ്ങി. വികസനത്തെ അട്ടിമറിക്കുന്ന സമീപനമാണ് ഇക്കൂട്ടർ സ്വീകരിക്കുന്നത്. നാടിനെ പിറകോട്ട് കൊണ്ടുപോകാനാണ് ഇവരുടെ ശ്രമം. ജനങ്ങളെ ഒന്നിച്ചുനിർത്തി ബദൽ രാഷ്ട്രീയം തീർത്ത് വികസനവിരുദ്ധ വർഗീയ ശക്തികളെ നമ്മൾ തോൽപ്പിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top