29 March Friday

ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും 
കൂട്ടിയിടിച്ച് 3 മരണം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

 വടക്കഞ്ചേരി

മുടപ്പല്ലൂർ കരിപ്പാലിക്ക് സമീപം ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം. വടക്കഞ്ചേരി–-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഞായർ പകൽ പതിനൊന്നരയോടെയാണ്‌ അപകടം. അപകടത്തിൽ ആലപ്പുഴ ചേർത്തല ആർത്തുങ്കൽ ചമ്പക്കാട് വീട്ടിൽ പൈലി (77), ഭാര്യ റോസി (65), പൈലിയുടെ സഹോദരൻ വർഗീസിന്റെ ഭാര്യ ജെസി(50) എന്നിവരാണ് മരിച്ചത്. ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ് മൂവരും. ട്രാവലറിലെ മറ്റ് 11 പേർക്കും ടൂറിസ്റ്റ് ബസിലെ അഞ്ചു പേർക്കുമാണ് പരിക്കേറ്റത്. 
ട്രാവലറിൽ സഞ്ചരിച്ച ആർത്തുങ്കൽ സ്വദേശികളായ ബൈജു (50), പ്രിൻസ് (31), ജസിയ (16), വർഗീസ് (57),  ഷോജി (36), മനു (12), പ്രസന്ന (43), കുഞ്ഞുമോൾ (34), വർഷ (24), മിന്നു (7), ട്രാവലറിന്റെ ഡ്രൈവർ അഖിൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വർഗീസ്, പ്രസന്ന, അഖിൽ എന്നിവരുടെ നില ഗുരുതരമാണ്. ടൂറിസ്റ്റ് ബസ് യാത്രികരായ തിരുവല്ല രാമൻചിറ സ്വദേശികളായ ലൗലി (39), സജിനി (49), ശാന്ത (60), കുഞ്ഞുമോൾ (60), അഭിഷേക് (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 
തിരുവല്ലയിൽനിന്ന്‌ പഴണിയിലേക്ക് പോയ ടൂറിസ്റ്റ് ബസും വേളാങ്കണ്ണിയിൽനിന്ന്‌ ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ കരിപ്പാലി വളവിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ട്രാവലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായി തകർന്നു. സമീപത്തെ വീടിന്റെ മതിലും തകർത്തു. 
ട്രാവലറിൽ കുടുങ്ങിയ യാത്രക്കാരെ വടക്കഞ്ചേരി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെത്തുടർന്ന് വടക്കഞ്ചേരി–-ഗോവിന്ദാപുരം പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വടക്കഞ്ചേരി സിഐ ആദംഖാൻ, എസ്ഐ കെ വി സുധീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
അപകടത്തിൽ മരിച്ച പൈലി, റോസി ദമ്പതികളുടെ മക്കൾ: പ്രിൻസി, റിൻസി, പ്രിൻസ്. മരുമക്കൾ: സാമുവൽ, പീറ്റർ. ജെസിയുടെ മകൾ: വർഷ.
 
അപകടത്തിൽപ്പെട്ടത്‌ 
തീർഥയാത്രാസംഘം
വടക്കഞ്ചേരി
മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്‌റ്റ്‌ ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ടത്‌ തീർഥയാത്രാ സംഘാംഗങ്ങളായ കുടുംബക്കാർ. ഞായറാഴ്ച പകൽ 11.30ന്‌ ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. 
ആലപ്പുഴ ചേർത്തലയിൽനിന്ന്‌ വെള്ളിയാഴ്ചയാണ് ടെമ്പോ ട്രാവലറിൽ ഒരു കുടുംബത്തിലെ അംഗങ്ങൾ വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടത്. വേളാങ്കണ്ണി സന്ദർശിച്ച്‌ തിരികെ നാട്ടിലേക്ക് പോകുമ്പോഴാണ്‌ അപകടം.
 ടൂറിസ്റ്റ് ബസിലുള്ളവർ ക്ഷേത്ര സന്ദർശനത്തിന്‌ തിരുവല്ല രാമൻചിറയിൽനിന്ന്‌ ശനി രാത്രി 11 നാണ് പുറപ്പെട്ടത്. ചോറ്റാനിക്കരയും ഗുരുവായൂരും സന്ദർശിച്ചശേഷം പഴനിയിലേക്ക്‌ പോയതായിരുന്നു. 
പഴനിക്കുശേഷം വേളാങ്കണ്ണിയിലും പോയി ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളിലുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണെങ്കിലും ഇരുസ്ഥലങ്ങളുമായി 30 കിലോമീറ്റർ ദൂരമേയുള്ളൂ. 
അപകടത്തിൽ പരിക്കേറ്റവരെല്ലാം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കഞ്ചേരി–- -ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂർ കരിപ്പാലി അപകടമേഖലയാകുകയാണ്‌. ശനി വൈകിട്ട്‌ ഇവിടെ ലോറി വൈദ്യുതിത്തൂണിലിടിച്ചും അപകടമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top