29 March Friday
ഗോവിന്ദാപുരം അംബേദ്‌കർ കോളനി സമരം

‘സമരം ആഘോഷിക്കാനായിരുന്നു ചിലർക്ക്‌ താൽപ്പര്യം’

വേണു കെ ആലത്തൂർUpdated: Sunday Jan 23, 2022
പാലക്കാട്‌
‘‘ഞങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിന്‌ പകരം സമരം ആഘോഷിക്കാനായിരുന്നു ചിലർക്ക്‌ താൽപ്പര്യം. സമരം നൂറുദിനം പിന്നിടുമ്പോൾ 150ാം ദിവസത്തെ സമരം എങ്ങനെ ആഘോഷിക്കാമെന്നായിരുന്നു ഇവരുടെ ആലോചന. എന്നാൽ കൂടെയുള്ളവർ നടുറോഡിൽ കിടക്കുന്നത്‌ കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. 
ഒടുവിൽ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ഇടപെടലോടെയാണ്‌ പരിഹാരമായത്‌’’ ഗോവിന്ദാപുരം അംബേദ്‌കർ കോളനിയിലെ സമരസമിതി നേതാവ്‌ എസ്‌ ശിവരാജന്‍ പറയുന്നു. 
‘‘മുതലമടയിൽനിന്ന്‌  കലക്ടറേറ്റിലേക്ക്‌ സമരം മാറ്റിയതോടെ ദിവസവും അമ്പത്‌ പേർക്ക്‌ മൂന്നുനേരം ഭക്ഷണം ഏർപ്പാടാക്കി. എല്ലാവർക്കും താമസിക്കാൻ ലോഡ്‌ജും ബുക്ക്‌ ചെയ്‌തു. സമരം ഒരു കാരണവശാലും അവസാനിക്കരുത്‌ എന്നതായിരുന്നു ചിലരുടെ ലക്ഷ്യം. അതിനായി അവർ ശ്രമിക്കുകയും ചെയ്‌തു. ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നതിന്‌ പകരം സമരം നീട്ടിക്കൊണ്ടുപോകാനായിരുന്നു താൽപ്പര്യം. സമരം അമ്പത്‌ ദിവസം പിന്നിട്ടപ്പോള്‍ത്തന്നെ അവസാനിപ്പിക്കാൻ തെളിഞ്ഞ വഴിയും ഇവര്‍ ഇല്ലാതാക്കി’’–- ശിവരാജൻ പറഞ്ഞു. 
ഭൂമിക്കും വീടിനും വേണ്ടി ഗോവിന്ദാപുരം അംബേദ്‌കർ കോളനിക്കാർ 102 ദിവസമായി നടത്തിയ സമരം വെള്ളിയാഴ്‌ച അവസാനിപ്പിച്ചിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ എന്നിവരുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയിലാണ്‌ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്‌. കെ ബാബു എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ, കൊല്ലങ്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ചിന്നക്കുട്ടൻ, മുതലമട  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി സുധ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു ചർച്ച. 
ഫെബ്രുവരിയിൽ മന്ത്രിതല ചർച്ച നടത്താമെന്നും അർഹരായവർക്ക്‌ ഭൂമിയും വീടും നൽകാൻ ഇടപെടാമെന്നുമുള്ള ഉറപ്പിലാണ്‌ സമരം അവസാനിപ്പിച്ചത്‌.  
സിപിഐ എം ഇടപെടലിൽ ഞങ്ങൾക്ക്‌ പ്രതീക്ഷയുണ്ട്‌. സമരം അവസാനിപ്പിച്ചതിനോട്‌ പലർക്കും യോജിപ്പുണ്ടായിരുന്നില്ല. കോളനിക്കാർക്ക്‌ സമരത്തിനോട്‌ ഒരു താൽപ്പര്യവുമില്ല. മറ്റ്‌ പലർക്കുമാണ്‌ തങ്ങളെ സമരത്തിന്‌ തള്ളിവിടാൻ ആവേശമെന്നും ശിവരാജൻ പറഞ്ഞു. 
മുതലമട പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബേബി സുധ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ വിനേഷ്‌ എന്നിവർ ശനിയാഴ്ച അംബേദ്‌കർ കോളനിയിലെത്തി നാട്ടുകാരുമായി സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top