20 April Saturday

അട്ടപ്പാടിയില്‍ കാറ്റില്‍നിന്ന്‌ വൈദ്യുത പദ്ധതി ഉടൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
പാലക്കാട്‌
കാറ്റിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി അട്ടപ്പാടിയിൽ ഉടൻ നടപ്പാക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച്‌ ധാരണയായി. അഗളി പഞ്ചായത്തിനെയാണ്‌ പദ്ധതിക്കായി തെരഞ്ഞെടുത്തത്‌. പദ്ധതി ഏകോപിപ്പിക്കാൻ 27ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം  ചേരാൻ കലക്ടറെ ചുമതലപ്പെടുത്തി. നാലു  മാസത്തിനകം പദ്ധതി പ്രദേശത്തിന്റെ സർവേ പൂർത്തിയാക്കും.  
എൻഎച്ച്‌പിസിയ്‌ക്കാണ്‌ പദ്ധതി നിർവഹണ ചുമതല. തെരഞ്ഞെടുത്ത ഭൂമി ആദിവാസി മേഖലയിൽ ഉൾപ്പെട്ടതായതിനാൽ പദ്ധതി കാലാവധിയായ 25 വർഷത്തേക്ക് എൻഎച്ച്‌പിസിയ്ക്ക് ‘ഉപയോഗിക്കാനുള്ള അവകാശം’ എന്ന കരാർ അടിസ്ഥാനത്തിലാണ് ഭൂമി നൽകുന്നത്. 
സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാസികൾ ഉൾപ്പടെയുള്ള ഭൂവുടമകൾക്ക് നിശ്ചിത വരുമാനം ഉറപ്പാക്കും. 72 മെഗാവാട്ട് ഗ്രിഡിലേക്ക് കടത്തിവിടാൻ ആവശ്യമായ 220 കെ വി സബ്സ്റ്റേഷന്റെയും 220 കെ വി ലൈനിന്റെയും പ്രവൃത്തി ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തും. 
ഇതിനായി കേന്ദ്ര സർക്കാരിന്റെ ഗ്രീൻ കോറിഡോർ  ഫണ്ട്‌ ഉപയോഗപ്പെടുത്തും. കെഎസ്ഇബിഎൽ ചെയർമാൻ ആൻഡ്‌ മാനേജിങ് ഡയറക്ടർ ഡോ. ബി അശോക്, കലക്ടർ മൃൺമയി ജോഷി, എൻഎച്ച്‌പിസിയിലെ  ഉദ്യോഗസ്ഥർ, കെഎസ്ഇബിഎൽ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
■അട്ടപ്പാടി സൗരോര്‍ജ 
പദ്ധതിക്ക്‌ തുടക്കം
പാലക്കാട്‌
അട്ടപ്പാടി അഗളിയിൽ സ്ഥാപിച്ച ഒരു മെഗാവാട്ട് സൗരോർജ പദ്ധതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. പരമാവധി ചെലവ് ചുരുക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.  ‘100 ദിവസത്തിനകം 100 മെഗാവാട്ട്’ എന്ന ലക്ഷ്യത്തോടെ, പുരപ്പുറ സോളാർ പ്ലാന്റ് നിർമാണ ക്യാമ്പയിൻ കെഎസ്‌ഇബി തുടങ്ങി.  കഞ്ചിക്കോട് മൂന്ന്‌ മെഗാവാട്ടും നെന്മാറയിൽ 1.5 മെഗാവാട്ടും ശേഷിയുള്ള സൗരോർജ നിലയത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും. 
അഗളിയിൽ കാറ്റിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള 72 മെഗാവാട്ട്  പദ്ധതി എൻഎച്ച്‌പിസിയുമായി സഹകരിച്ച്‌  നടത്തുന്നത്‌ പരിഗണനയിലാണ്‌. സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാസി ഭൂവുടമകൾക്ക്‌ വരുമാനം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി  നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. എൻ ഷംസുദീൻ എംഎൽഎ അധ്യക്ഷനായി. വി കെ ശ്രീകണ്ഠൻ എംപി, കെഎസ്ഇബിഎൽ ചെയർമാൻ ആൻഡ്‌ മാനേജിങ് ഡയറക്ടർ ഡോ.ബി അശോക് , ഡയറക്ടർ ആർ സുകു, വൈദ്യുതി ബോർഡ് സ്വതന്ത്ര ഡയറക്ടർ വി മുരുകദാസ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ, ഒറ്റപ്പാലം സബ്കലക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top