29 March Friday

അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ തുടരില്ല: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
പാലക്കാട് 
"ഒരിക്കലും മാറില്ല' എന്ന തരത്തിൽ പ്രവർത്തിക്കുന്ന പൊതുമരാമത്തു വകുപ്പ്  ഉദ്യോഗസ്ഥർ അധികകാലം കസേരയിൽ ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ പൊതുമരാമത്ത് പണികൾ അവലോകനം ചെയ്യാൻ ഓൺലൈനായി ചേർന്ന ജില്ലാ ഇൻഫ്രാസ്ട്രക്ച്ചർ കോ–--ഓർഡിനേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജില്ലയിൽ കിഫ്ബി പദ്ധതികൾ നടപ്പാക്കാൻ ചുമതലയുള്ള  കേരള റോഡ് ഫണ്ട് ബോർഡിന്റെ ജില്ലയുടെ ചുമതലയുള്ള ചില ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തി. അവർക്കെതിരെ കർശന നടപടി ഉണ്ടാവും. കിഫ്ബിയുടെ പ്രവർത്തനം യോഗം ചേർന്ന് വിലയിരുത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസറെയും കലക്ടറേയും ചുമതലപ്പെടുത്തി. 
പാലക്കാട് മെഡിക്കൽ കോളേജിന്റെയും ശ്രീകൃഷ്ണപുരം എൻജിനിയറിങ് കോളേജിന്റെയും നിർമാണം നേരിൽക്കണ്ട് വിലയിരുത്തും. അട്ടപ്പാടി റോഡ്‌ നവീകരണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ നടപടി സ്വീകരിക്കണം. പണി നടക്കുമ്പോൾ ജലഅതോറിറ്റി ഉൾപ്പെടെ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാലതാമസത്തിനിടവരാതെ തീർപ്പാക്കണം. 
നിലവിൽ വാട്ടർ അതോറിറ്റിയുമായി താഴെതട്ടിൽ ഏകോപനം ഇല്ല. ഇക്കാര്യത്തിൽ കലക്ടർ പ്രത്യേകം പദ്ധതി തയ്യാറാക്കണം. പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിവരം അതത് സമയം എംഎൽഎമാരുമായി  ഉദ്യോഗസ്ഥർ പങ്കുവയ്ക്കണം. ഓരോ മണ്ഡലത്തിലും ചുമതലയുള്ള നോഡൽ ഓഫീസർമാരെ ഉൾപ്പെടുത്തി എംഎൽഎമാർ കോൺസ്റ്റിറ്റ്യുവൻസി മോണിറ്ററിങ് സമിതി ചേരണമെന്നും മന്ത്രി നിർദേശിച്ചു. 
പട്ടാമ്പി പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിൽ ഉടൻ തീരുമാനം എടുക്കണമെന്നും വിവിധ പ്രവൃത്തികൾ സംബന്ധിച്ച് എംഎൽഎമാർ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മികച്ച പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. കലക്ടർ മൃൺമയി ജോഷി അധ്യക്ഷയായി. മന്ത്രി കെ കൃഷ്ണൻകുട്ടി, എംഎൽഎമാരായ എ പ്രഭാകരൻ, കെ ഡി പ്രസേനൻ, കെ പ്രേംകുമാർ, കെ ശാന്തകുമാരി, മുഹമ്മദ് മുഹസിൻ, പി മമ്മിക്കുട്ടി, എൻ ഷംസുദീൻ, ഷാഫി പറമ്പിൽ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, ജോയിന്റ് സെക്രട്ടറി എസ് സാംബശിവ റാവു, ജില്ലയിലെ  പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top