പാലക്കാട്
വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവേകാൻ നവകേരളം മിഷൻ ‘ഹരിത ടൂറിസം’ പദ്ധതിക്ക് തുടക്കമായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി മലമ്പുഴ, കാഞ്ഞിരപ്പുഴ, നെല്ലിയാമ്പതി, പോത്തുണ്ടി, മംഗലം അണക്കെട്ട്, വെള്ളിയാങ്കല്ല്, കൊല്ലങ്കോട് ചിങ്ങൻചിറ, വെള്ളിനേഴി കലാഗ്രാമം എന്നിവിടങ്ങളിൽ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തുടങ്ങി.
നിലവിലുള്ള മാലിന്യ പരിപാലന സംവിധാനത്തിലെ വിടവ് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജൈവ, അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതെങ്ങനെ, ശുചിത്വ സംവിധാനങ്ങൾ ആവശ്യത്തിനുണ്ടോ, എന്തൊക്കെയാണ് ആവശ്യങ്ങൾ തുടങ്ങിയവ പരിശോധിക്കും. പ്രദേശത്തിന്റെ ഭൂപ്രകൃതി, വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള ശേഷി, കാലാവസ്ഥ, പ്രദേശത്തെ ജനസംഖ്യ, ദുരന്തങ്ങൾ ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയും കണ്ടെത്തും. സെപ്‌തംബർ 30നകം പ്രവർത്തനം പൂർത്തിയാക്കും.
പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത്, ജലസേചന വകുപ്പ്, ഡിടിപിസി, വനം വകുപ്പുകളുമായി ചേർന്ന് പദ്ധതി തയ്യാറാക്കും. വ്യാപാരികൾ, ടാക്‌സി ഉടമകൾ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുടമകൾ, ഹരിതകർമ സേന തുടങ്ങിയവരുമായി അടുത്ത ആഴ്‌ച ചർച്ച നടത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കായി പൊതു പദ്ധതി തയ്യാറാക്കുന്നതിന് പകരം ഓരോ സ്ഥലത്തെയും സാധ്യതകൾക്ക് അനുസരിച്ചുള്ള പ്രവർത്തനമായിരിക്കും തയ്യാറാക്കുക. ഹരിത കേരളം മിഷന്റെ ജില്ലാ യോഗവും വിവിധ വകുപ്പുകളുടെ യോഗവും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..