ചിറ്റൂർ
ഗോപാലപുരത്ത് കിടക്ക നിർമാണ കമ്പനിയിൽ തീപിടിത്തം. സ്‌പോഞ്ച്, പഞ്ഞി, കയർ, റബർ പാൽ, അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ എന്നിവ കത്തി നശിച്ചു. ഇരുമ്പ് മേൽക്കൂര തകർന്നുവീണു. സോളാർ കേബിളുകൾ ഉരുകിനശിച്ചു. ആർക്കും പരിക്കില്ല. പുക ശ്വസിച്ച് സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്യാരിലാൽ കിടക്ക നിർമാണ കമ്പനിയിലാണ് വ്യാഴം പുലർച്ചെ ഒന്നിന് തീപിടിത്തമുണ്ടായത്. ഈസമയം കമ്പനിയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
ചിറ്റൂർ, കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽനിന്നായി അഞ്ച് യൂണിറ്റെത്തി ഒമ്പതു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. 30 വർഷമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ആറാം തവണയാണ് തീപിടിത്തമുണ്ടാകുന്നത്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. തീയണയ്ക്കാൻ ആവശ്യമായ വെള്ളംപോലും കമ്പനിയിൽ ഉണ്ടായില്ലെന്ന് അഗ്നിരക്ഷാ സേനാ ജീവനക്കാരും പറഞ്ഞു. ആറ് കിലോമീറ്ററിനപ്പുറം മൂലത്തറ റെഗുലേറ്റർ കനാലിൽനിന്ന് വെള്ളം എത്തിച്ചാണ് തീയണച്ചത്. അഞ്ച് വാഹനങ്ങളിലായി 30 ടാങ്കർ വെള്ളം ആവശ്യമായിവന്നു. മണ്ണുമാന്തിയന്ത്രം എത്തിച്ച് പുകയുന്ന ഭാഗം മറിച്ചിട്ടാണ് തീ നിയന്ത്രിച്ചത്. തീപിടിത്തമുണ്ടായ കാരണമോ, കമ്പനിയിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരമോ കമ്പനി അധികൃതർ ഇതുവരെ പറഞ്ഞിട്ടില്ല. ചിറ്റൂർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ജെയ്സൺ ഹിലാരിയോസ്, കഞ്ചിക്കോട് സ്റ്റേഷൻ ഓഫീസർ കെ രാജീവ്, പാലക്കാട് സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ടി സതീഷ്‌കുമാർ എന്നിവർ തീയണയ്‌ക്കാൻ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..