19 April Friday

ഇന്ധനവില വർധനയിൽ പ്രതിഷേധമുയർത്തുക

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കെഎസ്-കെടിയു സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ് എം വി ഗോവിന്ദൻ, മുതിർന്ന നേതാവ്‌ സി ടി കൃഷ്ണനെ ആദരിക്കുന്നു

പാലക്കാട്‌
ഇന്ധന, പാചകവാതക വില വർധനയ്‌ക്കെതിരെ പ്രതിഷേധമുയർത്താൻ കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെയാണ്‌ എണ്ണക്കമ്പനികൾ വില തുടർച്ചയായി വർധിപ്പിക്കുന്നത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പത്തിന് ആക്കംകൂട്ടുന്നു. കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ പെട്രോളിയം നികുതിയുടെ വിഹിതം 5.4 ശതമാനത്തിൽനിന്ന് 12.2 ശതമാനമായി ഉയർന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പനവില ദിവസേന വർധിക്കുന്നു. പാചകവാതകത്തിന്റെ വിലയും വർധിപ്പിക്കുന്നു.
പെട്രോളിയം വില നിയന്ത്രണം എടുത്തുകളഞ്ഞും ഓയിൽ പൂൾ അക്കൗണ്ട് സമ്പ്രദായത്തെ തുരങ്കംവച്ചുമാണ് എണ്ണക്കമ്പനികൾക്ക് ചില്ലറ വിൽപ്പനവില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നൽകിയത്. ഓയിൽ പൂൾ അക്കൗണ്ടിൽനിന്ന് സബ്‌സിഡി ലഭിക്കാത്ത, റിലയൻസ് പെട്രോളിയം പോലെ അടുത്തകാലത്ത് റീട്ടെയിൽ മേഖലയിലേക്ക് കടന്നുവന്ന സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാണ് നിയന്ത്രണങ്ങൾ നീക്കിയത്.
എൻഡിഎ ഭരണകാലത്ത് ഏർപ്പെടുത്തിയ അധികനികുതി ഉടൻ പിൻവലിക്കണം. സമ്പന്നരുടെ മേലുള്ള നികുതി വർധിപ്പിക്കാനും പെട്രോൾ ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനവില കുറയ്ക്കാനും പെട്രോളിയം മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണം. 
പെട്രോൾ, ഡീസൽ, പാചക വാതകവില വർധനയിൽ നടുവൊടിഞ്ഞ എല്ലാ വിഭാഗം ജനങ്ങളോടും അതിശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എൽഡിഎഫ്‌ പ്രഖ്യാപിച്ച അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക്‌ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. 
രാജ്യത്ത് ദളിതർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അണിനിരക്കുക, ആദിവാസി വിഭാഗങ്ങൾക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിക്കുക, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടങ്ങൾ സംരക്ഷിക്കാൻ രംഗത്തിറങ്ങുക, കർഷകത്തൊഴിലാളി ക്ഷേമനിധി അധിവർഷാനുകൂല്യ കുടിശ്ശിക തീർക്കാൻ സർക്കാർ ധനസഹായം അനുവദിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top