03 December Sunday

വാക്കിങ് സ്റ്റിക്കിൽ ഫുട്‌ബോൾ: വണ്ടറാണ്‌ വൈശാഖ്‌

ടി എം സുജിത്Updated: Wednesday Sep 20, 2023

പുള്ളോട് ഗവ.ഹോമിയോ ഡിസ്‌പെൻസറിയിലെ എസ് ആർ വൈശാഖ് ഇരുകൈകളിലും ഫോർ ആം ക്രച്ചസിന്റെ സഹായത്തോടെ പന്തിന് പിറകെ പായുന്നു ഫോട്ടോ: ശരത് കൽപ്പാത്തി

പാലക്കാട്
വൈശാഖ് ഇപ്പോഴും ഫുട്ബോളിന്പിന്നാലെയുള്ള ഓട്ടത്തിലാണ്. 14 വർഷം മുമ്പുണ്ടായ അപകടത്തിൽനിന്ന് ജീവിതം തിരിച്ച് പിടിച്ചതും പുതിയ ഉയരങ്ങൾ കീഴടക്കിയതും ഈ ഓട്ടത്തിന്റെ ആവേശത്തിലാണ്. ജില്ലാ സിവിൽ സർവീസ് കായികമേളയിൽ ഏറെ കൈയടി നേടിയത് വൈശാഖിന്റെ ഫുട്ബോൾ കളിയാണ്. 
മെ‍ഡിക്കൽ കോളേജ് മൈതാനത്ത്‌ വാക്കിങ് സ്റ്റിക്കുമായുള്ള വൈശാഖിന്റെ ഓട്ടം കാണികളിലും ആവേശം നിറച്ചു. 
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വൈശാഖ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീം തെരഞ്ഞെടുപ്പിനായി ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. സഹോദരൻ വാഹനം ഓടിക്കുമ്പോൾ പുറകിലായിരുന്നു ഇരുന്നത്. 
ബസുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ വൈശാഖിന്റെ കാലിലൂടെ ബസിന്റെ പിൻടയറുകൾ കയറിയിറങ്ങി. ശസ്ത്രക്രിയ നടത്തിയിട്ടും വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ ജീവിതത്തിൽ പകച്ചുനിൽക്കാനോ സ്വപ്നങ്ങളെ ഉപേക്ഷിക്കാനോ ഈ ചെറുപ്പക്കാരൻ തയ്യാറായില്ല. ഫുട്ബോൾ പ്രേമം വിടാതെ കളിക്കളങ്ങളിലേക്ക് വാക്കിങ് സ്റ്റിക്കുമായി എത്തി.
ഭിന്നശേഷിക്കാരുടെ ദേശീയ ടീമായ ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് വൈശാഖ്. നാലുവർഷം മുമ്പാണ് വൈശാഖ് ദേശീയ ടീമിൽ എത്തിയത്. ഐഎസ്എല്ലിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലക ക്യാമ്പിലും ഈ കോഴിക്കോട്ടുകാരൻ പങ്കെടുത്തിട്ടുണ്ട്. 
രണ്ടുവർഷം മുമ്പാണ് സർക്കാർ ജോലി ലഭിച്ചത്. എരിമയൂർ പുള്ളോട് ​ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ ഫാർമസിസ്റ്റാണ് വൈശാഖ്. ഭാര്യ തീർഥയും അച്ഛൻ ശശിധരനും അമ്മ രജനിയും വൈശാഖിന്റെ സ്വപ്നങ്ങൾക്ക് കൂട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top