19 April Friday

പ്രാദേശിക സംരംഭങ്ങളിലൂടെ
തൊഴിൽ സൃഷ്ടിക്കും: എം ബി രാജേഷ്‌

സ്വന്തം ലേഖികUpdated: Tuesday Sep 20, 2022

മന്ത്രി എം ബി രാജേഷ് മീറ്റ് ദ് പ്രസ്സിൽ സംസാരിക്കുന്നു

 
പാലക്കാട്‌
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക സംരംഭങ്ങൾക്ക്‌ ഊന്നൽ നൽകി തൊഴിൽ സൃഷ്ടിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. പാലക്കാട്‌ പ്രസ്‌ ക്ലബിൽ നടന്ന ‘മീറ്റ് ദ പ്രസിൽ’സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ, നോളജ്‌ മിഷൻ എന്നിവയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച്‌ നിലവിൽ പദ്ധതി നടപ്പാക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമാണ്‌ തൊഴിൽസഭ. വിവിധ മേഖലകളിലെ വൈവിധ്യമാർന്ന തൊഴിൽസാധ്യതകളെ തൊഴിൽസഭപരിചയപ്പെടുത്തുന്നുണ്ട്‌. ഒപ്പം സംരഭകത്വവും വളർത്തും. ഇതിനായി തൊഴിൽമേളകൾ സംഘടിപ്പിക്കും. അടുത്ത നാലുവർഷത്തിനിടെ കെ ഡിസ്‌ക്‌ പദ്ധതിയിൽ 20 ലക്ഷംപേർക്ക്‌ തൊഴിൽ നൽകുകയാണ്‌ സർക്കാർ ലക്ഷ്യം. ലഹരിക്കെതിരെ പോരാടാൻ ജനങ്ങളുടെ സഹകരണത്തോടെ പദ്ധതിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെ ലഹരിക്കെതിരെ ജനകീയ തീവ്രപ്രചാരണപരിപാടി സംഘടിപ്പിക്കും. ലഹരിക്കേസിൽ പിടിയിലാകുന്നവർക്ക്‌ പെട്ടെന്ന്‌ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്‌. നിയമത്തിലെ ഈ ദൗർബല്യം ഒഴിവാക്കുന്നതിന്‌ എൻഡിപിഎസ്‌ ആക്ട്‌ ഭേദഗതി ചെയ്യാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ലഹരിവസ്തുക്കൾ  കേരളത്തിലേക്ക്‌ വരുന്നത്‌ കേന്ദ്ര ഏജൻസികൾ തടയണം.
മുമ്പ്‌ വകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന എം വി ഗോവിന്ദനും ടി പി രാമകൃഷ്‌ണനുമെല്ലാം അഴിമതിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിച്ചിരുന്നു. അതിന്റെ തുടർച്ചയുണ്ടാകും.   
  തെരുവുനായ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ പുതിയ രണ്ട്‌ ഉത്തരവ്‌ നൽകിയിട്ടുണ്ട്‌. തദ്ദേശ സ്ഥാപനങ്ങളെയും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌. വെറ്ററിനറി ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവുണ്ടെങ്കിൽ പി ജി വിദ്യാർഥികളുടെ സേവനംകൂടി ഉപയോഗപ്പെടുത്താൻ സാധിക്കുമോയെന്ന്‌ പരിശോധിക്കുമെന്നും മന്ത്രി രാജേഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top