20 April Saturday
ഓണം ബംബർ വിൽപ്പനയിൽ റെക്കോഡ്

പാലക്കാടിന് ‘ലോട്ടറിയടിച്ചു’

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
പാലക്കാട്
ഓണം ബംബറിലെ ഒന്നാം സമ്മാനം തൃപ്പൂണിത്തുറ കൊണ്ടുപോയെങ്കിലും ശരിക്കും ‘ലോട്ടറിയടിച്ചത്’ പാലക്കാടിനാണ്. റെക്കോഡ് വിൽപ്പനയാണ് ഇത്തവണയുണ്ടായത്. 22.95 കോടി രൂപയുടെ ടിക്കറ്റാണ്‌ ജില്ലയിൽ മാത്രം വിറ്റത്. 7,65,000 ടിക്കറ്റ്‌ വിറ്റു. ഓണം ബംബർ വിൽപ്പനയിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച ജില്ല പാലക്കാടാണ്. 
ജില്ലാ ലോട്ടറി ഓഫീസ് മുഖേന 4.20 ലക്ഷം ലോട്ടറി വിറ്റു. ചിറ്റൂർ സബ് ഓഫീസിലൂടെ 1.95 ലക്ഷവും പട്ടാമ്പി സബ് ഓഫീസിലൂടെ 1.50 ലക്ഷം ലോട്ടറിയും വിറ്റു. ജില്ലാ ഓഫീസിനുമാത്രം 12.60 കോടി രൂപ വരുമാനം ലഭിച്ചു. ചിറ്റൂരിൽ 5.85 കോടിയും പട്ടാമ്പിയിൽ 4.50 കോടി രൂപയും വരുമാനം കിട്ടി.
സാധാരണ ലോട്ടറി ഓഫീസുകളിലൂടെ വിറ്റതിൽ ഒരു ചെറിയ ശതമാനമെങ്കിലും തിരിച്ചെത്താറുണ്ട്. ഏജൻസികൾ വിൽക്കാതെ ബാക്കിയാകുന്നവ സർക്കാർ തിരിച്ചെടുക്കും. എന്നാൽ ഇത്തവണ നറുക്കെടുപ്പിന് രണ്ട് ദിവസംമുമ്പ് തന്നെ മുഴുവൻ ലോട്ടറിയും വിറ്റു. ഏജൻസികൾ കൂടുതൽ ലോട്ടറി ആവശ്യപ്പെട്ട് വകുപ്പിനെ സമീപിച്ചിരുന്നു. എന്നാൽ ലോട്ടറി നൽകാനാകാത്ത സ്ഥിതിയായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ പലരും ലോട്ടറിയെടുക്കാൻ ശ്രമിച്ചെങ്കിലും കടകളിൽ ഇല്ലാതെയായെന്ന് ജില്ലാ ലോട്ടറി ഓഫീസർ കെ എസ് ഷാഹിദ പറഞ്ഞു. കോവി‍ഡ് കാലത്ത്‌ വിൽപ്പന നിന്നുപോയ ലോട്ടറിക്ക് പുതുജീവൻ നൽകാൻ ഓണം ബംബറിനായി. കൂടുതൽ പേർ ഭാ​ഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചതോടെ ലോട്ടറി ഏജൻസികൾക്കും വിൽപ്പനക്കാർക്കും വരുമാനവുമായി. 
ഈ ആവേശം ചോരാതെ പൂജ ബംബർ വിൽപ്പനയ്‌ക്ക്‌ തയ്യാറാകുകയാണ് ജില്ല. പ്രകാശനം കഴിഞ്ഞ പൂജാ ബംപർ ഈ മാസം തന്നെ വിൽപ്പനയ്‌ക്കെത്തും. അഞ്ച് കോടിയാണ് ഒന്നാം സമ്മാനം. 10 ലക്ഷം വീതം അഞ്ചുപേർക്ക് രണ്ടാം സമ്മാനവുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top