23 April Tuesday
മൃതദേഹം മാറിയ സംഭവം

6 പേരെ പിരിച്ചുവിട്ടു; ഒരാള്‍ക്ക് സസ്പെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
 
 
പാലക്കാട്
ജില്ലാ ആശുപത്രിയിൽനിന്ന്‌ മൃതദേഹം മാറി നൽകിയ സംഭവത്തിൽ ഏഴ് ജീവനക്കാർക്കെതിരെ നടപടി. ആറ് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരിയെ സസ്‌പെൻഡ്‌ ചെയ്തു. 
ജില്ലാ ആശുപത്രി അത്യാഹിത വിഭാ​ഗത്തിലെ ആറു താൽക്കാലിക ജീവനക്കാരെയാണ് സൂപ്രണ്ട് കെ രമാദേവി പിരിച്ചുവിട്ടത്. അറ്റൻഡർ ​ഗ്രേഡ് രണ്ട് തസ്തികയിലെ ജീവനക്കാരിയെയാണ് ഡിഎംഒ കെ പി റീത്ത സസ്‌പെൻഡ്‌ ചെയ്തത്. ആരോ​ഗ്യവകുപ്പ് നിർദേശിച്ചാൽ തുടർന‌ടപടി സ്വീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
മൂത്താന്തറയിൽ മരിച്ച ശങ്കര മൂത്താന്റെ ഭാര്യ ജാനകി അമ്മയുടെ (79) മൃതദേഹത്തിന് പകരം അ​ഗളി ധോണി​ഗുണ്ട് സ്വദേശി ബൈജുവിന്റെ ഭാര്യ വള്ളി(39)യുടെ മൃതദേഹമാണ് നൽകിയത്‌. സംഭവത്തിൽ കലക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. എഴുപത്തൊമ്പതുകാരിയായ ജാനകി അമ്മയ്ക്ക് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരുടേയും മൃതദ്ദേഹം ജില്ലാ ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നെങ്കിലും ജാനകിയമ്മയുടെ മൃതദേഹം പൂർണമായി മൂടിയ നിലയിലായിരുന്നു. വള്ളിയുടെ മൃതദേഹം ജാനകിയമ്മയുടെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി സംസ്കരിച്ച ശേഷമാണ് മൃതദേഹം മാറിയതായി അറിഞ്ഞത്. മൃതദേഹം സംസ്കരിക്കാൻ കഴിയാതെ പോയ ആദിവാസി യുവതിയുടെ കുടുംബത്തിന് സഹായം നൽകുമെന്ന് കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top