19 April Friday
പോത്തുണ്ടിയിലും മലമ്പുഴയിലും മുന്നറിയിപ്പ്‌

പറമ്പിക്കുളം ഡാം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
 
പാലക്കാട്‌
മഴ ശക്തമായതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചു. പറമ്പിക്കുളം അണക്കെട്ട്‌ ശനിയാഴ്‌ച തുറന്നു. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ പരിധിയിൽ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകി. മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകളും ഉയർത്തി. 
പറമ്പിക്കുളം അണക്കെട്ടിന്റെ മൂന്നു ഷട്ടറിൽ രണ്ടെണ്ണമാണ്‌ ശനിയാഴ്‌ച ഉയർത്തിയത്‌. രാവിലെ 10 സെന്റീമീറ്റർ തുറന്നത്‌‌ മഴ ശക്തമായതോടെ 20 സെന്റീമീറ്ററാക്കി ഉയർത്തി. സെക്കൻഡിൽ 1000 ഘനയടി വെള്ളമാണ്‌ പുഴയിലേക്ക് ഒഴുക്കുന്നത്‌. 
1825 അടിയാണ്‌ ഡാമിന്റെ പരമാവധി സംഭരണശേഷി. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 1824.5 അടി എത്തിയതോടെയാണ്‌ ഷട്ടർ ഉയർത്തിയത്‌. മഴ ശക്തമാകുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ ഷട്ടർ കൂടുതൽ ഉയർത്തും. പറമ്പിക്കുളത്തുനിന്ന്‌ തുറന്നുവിടുന്ന വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കാണ് ഒഴുകിയെത്തുക.
ജലനിരപ്പ് 105.90 മീറ്ററിൽ എത്തിയതോടെ പോത്തുണ്ടി അണക്കെട്ട്‌ പരിധിയിൽ ജാഗ്രത നിർദേശം നൽകി. വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവേ ഷട്ടറുകൾ തുറക്കാനുള്ള സാധ്യതയുണ്ടെന്ന്‌ ജലവിഭവ ഉദ്യോഗസ്ഥർ അറിയിച്ചു. അണക്കെട്ടിലേക്ക് കനത്ത നീരൊഴുക്കുണ്ട്. 
മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നുണ്ട്‌. ജലനിരപ്പ്‌ 113.34 മീറ്ററിൽ എത്തി‌. മഴ ശക്തമായാൽ ഷട്ടറുകൾ ഏതുനിമിഷവും തുറക്കാം. 
പുഴയുടെ തീരത്തുള്ളവർ‌ ജാഗ്രത പാലിക്കണമെന്ന്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അറിയിച്ചു. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്‌ 115.06 മീറ്ററാണ്‌. 
കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും മംഗലം അണക്കെട്ടിന്റെ ആറ്‌ ഷട്ടറുകൾ നാല്‌ സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്‌. ശിരുവാണിയുടെ സ്‌പിൽവേ റിവർ സ്ല്യൂയിസ്‌ അഞ്ച്‌ സെന്റീമീറ്റർ വീതം തുറന്നു‌.മീങ്കര അണക്കെട്ടിൽ 155.24 മീറ്ററാണ്‌ നിലവിലെ ജലനിരപ്പ്‌. 156.36 മീറ്ററാണ്‌ പരമാവധി. 203 മീറ്റർ പരമാവധി ജലനിരപ്പുള്ള വാളയാറിൽ നിലവിൽ ജലനിരപ്പ്‌ 201.71 മീറ്ററായി‌. ചുള്ളിയാറിൽ 146.91 ആണ്‌ ശനിയാഴ്‌ചത്തെ ജലനിരപ്പ്‌. പരമാവധി 154.08 മീറ്ററും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top