20 April Saturday
അവശ്യസാധനങ്ങളുടെ വരവ് കുറഞ്ഞു

വലിയങ്ങാടി അടച്ചു

സ്വന്തം ലേഖകൻUpdated: Sunday Sep 20, 2020
 
 
പാലക്കാട്
കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച പാലക്കാട്‌ വലിയങ്ങാടി പൂർണമായി അടച്ചു. രണ്ടുദിവസം കൊണ്ട് 79 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചതോടെയാണ് അങ്ങാടി ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. ശകുന്തള ജങ്ഷൻ മുതൽ മേലാമുറി  മാർക്കറ്റ് വരെ എല്ലാ കടകളും അടച്ചു. 
അങ്ങാട‌ിയിലൂടെ വാഹനഗതാ​​​ഗതം മാത്രം അനുവദിക്കുന്നുണ്ട്. ചരക്കുവാഹനങ്ങൾക്ക്‌ പ്രവേശനമില്ല. സാധനങ്ങൾ ഇറക്കാനോ കയറ്റാനോ വാഹനങ്ങൾ അങ്ങാടിയിൽ എത്തരുതെന്ന് പൊലീസ് നിർദേശം നൽകി. വലിയങ്ങാടിക്ക് 100 മീറ്റർ ചുറ്റളവിലെ പ്രദേശങ്ങളിലെ കടകളും അടപ്പിച്ചു. കോവിഡ് വ്യാപനത്തോത്‌ കുറഞ്ഞാലേ അങ്ങാടി തുറക്കുന്നത്‌  തീരുമാനിക്കു.  
അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ആന്റിജെൻ പരിശോധന തുടരുന്നു. 
പ്രദേശത്ത് പൊതുജനങ്ങൾ കർശനമായും നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് പൊലീസ്, ആരോഗ്യം, ന​ഗരസഭ അധികൃതർ എന്നിവര്‍ ഉറപ്പാക്കുന്നുണ്ട്. 
ഈ മേഖലയിൽ താമസിക്കുന്നവർ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പുറത്തുപോകാവുയെന്ന്‌ അധികൃതർ അറിയിച്ചു. ഓട്ടോ, ടാക്സി മുതലായവ അത്യാവശ്യഘട്ടങ്ങളിൽ നിയന്ത്രണവിധേയമായി സർവീസ് നടത്താം. മെഡിക്കൽ ഷോപ്പ്‌, പെട്രോൾ പമ്പ്‌ എന്നിവയ്‌ക്ക്‌ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ തുറന്നു പ്രവർത്തിക്കാം. പാൽ സംഭരണം, വിതരണം, ഗ്യാസ് വിതരണം, പത്രവിതരണം  എന്നിവയ്‌ക്ക്‌ അനുമതിയുണ്ട്. ബാങ്കുകൾ 50 ശതമാനം  ജീവനക്കാരുമായി പ്രവർത്തിക്കാം. 
അങ്ങാടിയിലേക്ക് അവശ്യസാധനങ്ങള്‍ എത്തുന്നില്ല അങ്ങാടി പൂര്‍ണമായി അടച്ചതോടെ അവശ്യസാധനങ്ങളടക്കം ജില്ലയിലേക്ക് എത്തുന്നത് നിലച്ചു. നേരത്തെ ഓര്‍ഡര്‍ നല്‍കിയ സാധനങ്ങള്‍ എത്തിയാല്‍ അങ്ങാടിക്ക് പുറത്തിറക്കി വയ്ക്കാന്‍ സൗകര്യമൊരുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അങ്ങാടി തുറക്കുംവരെ പുതിയ ഓര്‍ഡറുകൾ വ്യാപാരികള്‍ സ്വീകരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top