26 April Friday
കൊലപ്പെടുത്താൻ പ്രതികൾക്ക്‌ 
നിർദേശം നൽകിയതും സിദ്ധാർഥൻ

ഷാജഹാൻ വധം; ആയുധമെത്തിച്ച ആർഎസ്‌എസുകാരൻ കസ്‌റ്റഡിയിൽ

പ്രത്യേക ലേഖകൻUpdated: Saturday Aug 20, 2022

രണ്ടാംപ്രതി അനീഷും സിദ്ധാർത്ഥനും

പാലക്കാട്‌ > സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗം എസ്‌ ഷാജഹാനെ കൊല്ലാൻ ആയുധമെത്തിച്ച ആർഎസ്‌എസ്‌ പ്രവർത്തകൻ കസ്‌റ്റഡിയിൽ. മലമ്പുഴ മണ്ഡലത്തിൽ ആർഎസ്‌എസിന്റെ അക്രമപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന കുന്നങ്കാട്ടെ സിദ്ധാർഥനാണ്‌ കസ്‌റ്റഡിയിലുള്ളത്‌. ഷാജഹാനെ കൊലപ്പെടുത്താൻ പ്രതികൾക്ക്‌ നിർദേശം നൽകിയതും ഇയാൾതന്നെ. കേസിലെ പ്രതി ശിവരാജന്റെ സഹോദരനാണ്‌. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്‌. 14ന്‌ രാത്രി കൊലപാതകം നടക്കുന്നതിന്‌ ദിവസങ്ങൾക്കുമുമ്പേ കുന്നങ്കാട്ടെ ഒരു വീട്ടിൽ വാളുകൾ സൂക്ഷിച്ചു. രക്ഷാബന്ധൻ ദിനമായ 11ന്‌  ഷാജഹാനെ കൊല്ലാൻ ആസൂത്രണം നടത്തിയെങ്കിലും പരാജയപ്പെട്ടു.
 
ആയുധം നൽകിയവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ്‌ ശേഖരിച്ചുവരികയാണ്‌. ആയുധം നൽകിയവരും കേസിൽ പ്രതികളാകും. 
കോഴിക്കടയിൽനിന്നാണ്‌ ആയുധങ്ങൾ എടുത്തതെന്ന സിദ്ധാർഥന്റെ മൊഴി പൊലീസ്‌ വിശ്വാസത്തിലെടുത്തിട്ടില്ല.  14ന്‌ രാത്രി ഷാജഹാനുമായി ബോധപൂർവം വാക്കുതർക്കമുണ്ടാക്കിയശേഷം ശബരീഷ്‌, അനീഷ്‌, സുജീഷ്‌ എന്നിവർ സ്ഥലത്തുനിന്ന്‌ പോയി രണ്ട്‌ മിനിറ്റിനകം ആയുധവുമായി എത്തി ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നു. ഇത്ര പെട്ടെന്ന്‌ ആയുധം എത്തിയതാണ്‌ സംഭവത്തിലെ ഗൂഢാലോചനയിലേക്ക്‌ പൊലീസ്‌ അന്വേഷണം നീങ്ങിയത്‌.  കൊലപാതകശേഷം പ്രതികൾക്ക്‌ അന്നുരാത്രിതന്നെ ഒളിത്താവളം ഒുരുക്കിയതും ആവശ്യമായ ഭക്ഷണവും മദ്യവും എത്തിച്ചതും കൊലപാതകം ആസൂത്രിതമാണെന്നതിന്‌ തെളിവാണെന്ന്‌ പൊലീസ്‌ കരുതുന്നു.
 
അതേസമയം, പ്രതികൾക്ക്‌ ഒളിത്താവളം ഒരുക്കിയ മലമ്പുഴയിലെ ചേമ്പന വാർഡ്‌ ബിജെപി സെക്രട്ടറിയും ആർഎസ്‌എസ്‌ പ്രവർത്തകനുമായ ജിനേഷിനെ പൊലീസ്‌ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. കേസിൽ ഇയാളും പ്രതിയാകും. മലമ്പുഴയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ കുന്നങ്കാട്ടെ ഒരു ബിജെപിപ്രവർത്തകന്റെ നിർദേശപ്രകാരമാണ്‌ ജിനേഷ്‌ പ്രതികൾക്ക്‌ സഹായം നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top