29 March Friday
■ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

അതിർത്തികളിൽ പരിശോധന ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുന്നവരെ വാളയാർ ചെക്പോസ്റ്റില്‍ പൊലീസ് പരിശോധിക്കുന്നു

പാലക്കാട്
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അതിർത്തികളിൽ കർശന പരിശോധന ആരംഭിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കുമാണ് സംസ്ഥാനത്തേക്ക് പ്രവേശനം. ആദ്യദിനം പാലക്കാട് ഡിവെഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിൽ വാളയാറും ചിറ്റൂർ ഡിവൈഎസ്‌പി കെ സി സേതുവിന്റെ നേതൃത്വത്തിൽ മീനാക്ഷീപുരം, ഗോവിന്ദാപുരം, ഗോപാലപുരം എന്നിവിടങ്ങളിലുമാണ് പരിശോധിച്ചത്‌. ഇരുചക്രവാഹനങ്ങൾ, കാർ, ടെമ്പോ എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുംവന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ചു. കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതും ഉറപ്പ് വരുത്തി. രേഖകളില്ലാതെ വന്നവർ അതിർത്തിയിൽനിന്നും രജിസ്റ്റർ ചെയ്ത ശേഷമാണ് കേരളത്തിൽ പ്രവേശിച്ചത്. അവശ്യ സാധനങ്ങളുമായി വരുന്ന ചരക്ക്‌വാഹനങ്ങൾ, തമിഴ്നാട്ടിൽനിന്നും ബസിൽ വന്ന യാത്രക്കാർ എന്നിവരെ ആദ്യദിവസം പരിശോധന ഇല്ലാതെ കടത്തിവിട്ടു. സംസ്ഥാനത്തേക്ക്‌ വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ആദ്യദിനം ഇത് കർശനമാക്കിയില്ല. 14 ദിവസത്തെ നിരീക്ഷണത്തിൽ പോകാൻ ഇവരോട് നിർദേശിച്ചു. 
കേരളത്തിൽനിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ തമിഴ്നാട് ദേശീയപാത അടച്ചു. കൊച്ചി–---സേലം ദേശീയപാത 514ൽ തമിഴ്നാട് അതി‍ർത്തിയായ ചാവടിയിലാണ്‌ ദേശീയപാത അടച്ചത്. കേരളത്തിൽനിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക്‌ നേരിട്ട് പ്രവേശിക്കാനാകില്ല. പകരം സർവീസ് റോഡിലൂടെ തമിഴ്നാട് ഉദ്യോഗസ്ഥസംഘത്തിന്റെ ഇ–പാസ് പരിശോധനയ്ക്കു ശേഷമേ പ്രവേശിപ്പിക്കു. 
കോവിഡ് ജാഗ്രതാ
പോർട്ടലിൽ രജിസ്‌ട്രേഷൻ 
ഇങ്ങനെ
മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 
ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റിൽ Citizen ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന Visitor's entry ഓപ്ഷനിൽ നിന്നും Domestic entry തെരഞ്ഞെടുക്കണം. ശേഷംവരുന്ന പേജിൽ New registration in covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി വേരിഫൈ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണം. 
സ്‌ക്രീനിൽ വരുന്ന കാപ്ച്ച കോഡ് കൂടി എന്റർ ചെയ്ത് കഴിയുമ്പോൾ അൽപ്പസമയത്തിനകം നൽകിയ മൊബൈൽ നമ്പറിലേക്ക് ഒടിപി നമ്പർ ലഭിക്കും. ഈ നമ്പർ എന്റർ ചെയ്ത ശേഷം വെരിഫൈ ചെയ്യുക. 
വെരിഫിക്കേഷനുശേഷം നിങ്ങളുടെ പേര്, ജനന തീയതി, ഐഡി നമ്പർ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക. ശേഷം നൽകിയ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയാവും. മൊബൈൽ നമ്പറിലേക്ക് രജിസട്രേഷൻ വിവരങ്ങൾ ടെക്സ്റ്റ് മെസേജായി വരും. മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസിന്റെ പിഡിഎഫ് ഫോം ഡൗൺലോഡ് ചെയ്യാം.
ദൈനംദിന യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കും
ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസേന അതിർത്തി കടന്നു പോയിവരുന്നവരുടെ പ്രവേശനം സംബന്ധിച്ച് ജില്ലാ ഭരണകേന്ദ്രവുമായി  ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് പാലക്കാട് ഡിവെഎസ്‌പി വി കെ രാജു പറഞ്ഞു. 
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ നിർബന്ധമായും കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആർടിപിസിആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. 
വാക്സിൻ എടുത്തവർക്കും ഇതു ബാധകമാണ്. സംസ്ഥാനത്തെത്തിയ ശേഷം പരിശോധിക്കാൻ ഫലം വരുന്നതുവരെ റൂംക്വാറന്റൈനിൽ പ്രവേശിക്കണം. ഫലം പോസിറ്റീവാണെങ്കിൽ ചികിത്സ തേടണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top