30 May Tuesday
സുന്ദരനിത് രണ്ടാം ജന്മം

മത്സ്യത്തൊഴിലാളിയെ 
കാട്ടാനക്കൂട്ടം ആക്രമിച്ചു

സ്വന്തം ലേഖകൻUpdated: Monday Mar 20, 2023
മലമ്പുഴ
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന്‌ മത്സ്യത്തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. മലമ്പുഴ അണക്കെട്ടിൽ മീൻപിടിക്കാനെത്തിയ കല്ലേപ്പുള്ളിയിലെ സുന്ദരനാണ്‌ കാട്ടാനകൾക്ക്‌ മുന്നിൽ അകപ്പെട്ടത്‌. കരടിയോട്‌ ഭാഗത്ത്‌ ഞായർ പുലർച്ചെ അഞ്ചോടെയാണ് സംഭവം. ഇയാളുടെ സ്‌കൂട്ടർ ആനക്കൂട്ടം പൂർണമായി തകർത്തു.
സാധാരണപോലെ ശനിയാഴ്ച അണക്കെട്ടിലിട്ട വലയെടുക്കാനാണ്‌ സ്‌കൂട്ടറിൽ ഞായറാഴ്‌ച പുലർച്ചെ വന്നത്‌. വഴിയിൽ ആനയെ കണ്ട് സ്‌കൂട്ടർ നിർത്തി. സുന്ദരന്റ സ്കൂട്ടറിന്റെ ഹാൻഡിലിൽ ആന തുമ്പിക്കൈകൊണ്ട് പിടിക്കാൻ ശ്രമിച്ചു. കുതറി താഴെവീണ സുന്ദരൻ ഉരുണ്ടുമാറി എണീറ്റോടി. ഈ സമയത്ത് മറ്റ് രണ്ട് ആനകൾ സമീപത്തുണ്ടായിരുന്നു. സുന്ദരൻ രക്ഷപ്പെട്ടതിന് പിന്നാലെ ആനക്കൂട്ടം സ്കൂട്ടർ തകർത്തു. 
സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ് സ്ഥലത്തെത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ആന തകർത്ത ബൈക്കിന്റെ ഇൻഷുറൻസ് ശരിയാക്കി നൽകണമെന്നും ആവശ്യപ്പെട്ടു. പ്രദേശത്ത് ആനകൾ സ്ഥിരമായി വരാറുണ്ടെങ്കിലും വാഹനങ്ങളെ ആക്രമിച്ചിരുന്നില്ല. സുന്ദരനുണ്ടായ അനുഭവത്തിൽ മത്സ്യത്തൊഴിലാളികൾ ഭയത്തിലാണ്.
ഏതാനും വർഷങ്ങളായി കൃഷിക്കും ജനങ്ങളുടെ ജീവനും ഭീഷണിയായി ആനകൾ നാട്ടിലിറങ്ങുന്നുണ്ട്‌. രണ്ടുവർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ ജില്ലയിൽ 15 പേർ കൊല്ലപ്പെട്ടു. ഇതിൽ കൂടുതലും അട്ടപ്പാടി മേഖലയിലാണ്‌. ജില്ലയിൽ മിക്ക ആന ആക്രമണങ്ങളും നടന്നത്‌ പുലർച്ചെയാണ്‌. കൃഷിയിടത്തിലേക്കും റബർ ടാപ്പിങ്ങിനും പോയ തൊഴിലാളികളും പ്രഭാത നടത്തക്കാരുമൊക്കെയാണ്‌ ആനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്‌.
 
ഈ മാസം ചരിഞ്ഞത് 4 ആനകൾ
ധർമപുരിയിൽ കാട്ടാന 
ഷോക്കേറ്റ് ചരിഞ്ഞു
കോയമ്പത്തൂർ
തമിഴ്നാട് ധർമപുരി ജില്ലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. കമ്പൈനല്ലൂരിനുസമീപം കേലവള്ളിയിലാണ് തടാകത്തിൽനിന്ന് കരയിലേക്ക് കയറവെ പ്രദേശത്ത് താഴ്ന്നുകിടന്ന ഹൈടെൻഷൻ ലൈനിൽ തട്ടിയാണ്‌ ഷോക്കേറ്റത്. സെക്കന്റുകൾക്കകം ആന ഇടത്തോട്ട് ചരിഞ്ഞുവീണു. പാലക്കോട് ഫോറസ്റ്റ് റിസർവിലെ പിക്കിലി വില്ലേജിലെ കൃഷിയിടങ്ങളിൽ കുറച്ച് ദിവസങ്ങളായി ഒറ്റയാൻ ഇറങ്ങിയിരുന്നു. കർഷകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റാൻ ശ്രമം നടത്തി. ഇതിനിടെ വെള്ളി രാത്രി പാപ്പാറപ്പട്ടി കരിമംഗലം വഴി കമ്പൈനല്ലൂർ ഭാഗത്തേക്ക് കൊമ്പൻ നീങ്ങി. വനംവകുപ്പും ആനയെ പിന്തുടർന്നു. ഇതിനിടെയാണ് ആനയ്ക്ക് ഷോക്കേറ്റത്. ധർമപുരി ജില്ലയിൽ ഈ മാസം നാല് ആനകളാണ് ഷോക്കേറ്റ് മരിച്ചത്. മരന്തഹള്ളിയിൽ വയലിലെ വൈദ്യുത വേലിയിൽ തട്ടി രണ്ട് പിടിയാനകളും ഒരു കൊമ്പനും ചരിഞ്ഞിരുന്നു. ആനക്കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് കുട്ടിയാനകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 
കുട്ടിയാനകളെ സംരക്ഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.   വ്യാപക നാശനഷ്ടമുണ്ടാക്കിയ മോഴയാനയെ പിടികൂടി ആനമല ടോപ്‌സ്‌ലിപ്പ് വനമേഖലയിൽ വിട്ടിരുന്നു. പിന്നീട് വരകളിയാർ വനത്തിൽനിന്നിറങ്ങി ആന കോയമ്പത്തൂർ മധുക്കരയിലെത്തി നാശനഷ്ടങ്ങളുണ്ടാക്കി. ഇതേതുടർന്ന് കഴിഞ്ഞമാസം പിടികൂടി മറ്റൊരു കാട്ടിൽ വിട്ടിരുന്നു. വനമേഖലയിൽനിന്ന് കിലോമീറ്ററുകൾതാണ്ടി ജനവാസമേഖലയിലെത്തുന്ന ആനകളുടെ വരവ് കുറയ്ക്കാൻ തമിഴ്നാട് സർക്കാരും വനംവകുപ്പും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top