25 April Thursday

മഴയൊഴിഞ്ഞു; കൊയ്‌ത്തും സംഭരണവും അതിവേഗം

സ്വന്തം ലേഖികUpdated: Tuesday Oct 19, 2021

മഴ മാറി നിന്ന ചൊവ്വാഴ്ച കണ്ണാടിയിൽ യന്ത്രങ്ങൾ കൊയ്‌ത നെല്ല്‌ ട്രാക‍‍്ടറിലേക്ക് മാറ്റുന്നു ഫോട്ടോ: പി വി സുജിത്‌

 
പാലക്കാട്‌
മഴ മാറിനിന്ന ചൊവ്വ പകൽ ഒന്നാംവിള കൊയ്‌ത്തും സംഭരണവും അതിവേഗം. ജില്ലയിലുള്ള കൊയ്‌ത്തുയന്ത്രങ്ങളെല്ലാം പാടത്തിറങ്ങി. കർഷകർ കൊയ്‌തെടുത്ത മുഴുവൻ നെല്ലും ഈർപ്പംപോലും നോക്കാതെ സപ്ലൈകോ വേഗത്തിൽ സംഭരിക്കുകയാണ്‌. 
ചൊവ്വ പൊതുഅവധിയായിട്ടും കർഷരുടെ ദുരിതം കണക്കിലെടുത്ത്‌ ഉദ്യോഗസ്ഥർ പരമാവധി സഹകരിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വീണ്ടും ശക്തമായ മഴ പ്രവചിച്ചതോടെ പരമാവധി നെല്ലുസംഭരണമാണ്‌ സപ്ലൈകോ ലക്ഷ്യം. ജില്ലയിൽ ഇതുവരെ 10,000 മെട്രിക്‌ ടൺ നെല്ല്‌ സംഭരിച്ചു. 50 ശതമാനത്തോളം കൊയ്‌ത്ത്‌ നടന്നു. ആയിരത്തിഅറുനൂറോളം ഹെക്ടറിലെ നെൽകൃഷി മഴയിൽ വെള്ളത്തിനടിയിലായി. പലയിടത്തും വെള്ളത്തിൽ വീണ നെൽച്ചെടി മുളച്ചുതുടങ്ങി. എന്നാൽ, പരമാവധി നെല്ല്‌ കൊയ്‌തെടുക്കാനാണ്‌ കർഷകരുടെ ശ്രമം. 
കൊയ്‌ത്തുയന്ത്രങ്ങളുടെ കുറവ്‌ പ്രതിസന്ധിയാണ്‌. മഴ കാരണം ഒരാഴ്‌ചയോളം പാടത്ത്‌ ഇറങ്ങാനാവാതെ കിടന്ന യന്ത്രങ്ങളിൽ കുറച്ച്‌ ആലപ്പുഴയിലേക്ക്‌ പോയി. കർണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽനിന്നാണ്‌ ജില്ലയിലേക്ക്‌ കൊയ്‌ത്ത്‌ യന്ത്രമെത്തുന്നത്‌. ഒക്ടോബർ അവസാനവും നവംബർ ആദ്യവുമായി ഈ സംസ്ഥാനങ്ങളിൽ കൊയ്‌ത്ത്‌ ആരംഭിക്കും. ഇത്‌ കണക്കിലെടുത്ത്‌ കുറച്ച്‌ യന്ത്രങ്ങൾ ഇവിടെനിന്ന്‌ മടങ്ങി. പരമാവധി യന്ത്രം എത്തിച്ച്‌ കൊയ്‌ത്ത്‌ നടത്താൻ കൃഷി വകുപ്പ്‌  ശ്രമിക്കുന്നുണ്ട്‌.
 തൊഴിലാളിക്ഷാമം രൂക്ഷമായതിനാൽ യന്ത്രക്കൊയ്‌ത്ത്‌ ഒഴിവാക്കാനും കഴിയില്ല മണിക്കൂറിന്‌ 2400 രൂപയാണ്‌ കൊയ്‌ത്തുയന്ത്രത്തിന്റെ വാടക. നേരത്തേ 2300 തീരുമാനിച്ചെങ്കിലും ഡീസൽവില വർധനയുടെ പശ്‌ചാത്തലത്തിൽ 100 രൂപകൂടി വർധിപ്പിച്ചു. കൊയ്‌തെടുക്കുന്ന നെല്ല്‌ ഉണക്കിയെടുക്കാനോ നേരത്തേ കൊയ്‌ത്‌ ചാക്കിലാക്കിയ നെല്ല്‌ സൂക്ഷിച്ചുവയ്‌ക്കാനോ കർഷകർക്ക്‌ സാധിക്കില്ല. എത്രയും വേഗം സപ്ലൈകോയ്‌ക്ക്‌ കൈമാറുക മാത്രമേ രക്ഷയുള്ളൂ. ഇത്തവണ മോശമല്ലാത്ത വിളവ്‌ ലഭിച്ചു. എന്നാൽ അതിൽ നല്ലൊരു ഭാഗം മഴയിൽ നശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top